അബുദാബി: പെരുന്നാൾ സന്തോഷം കാണാനായി ഒരു ചന്ദ്രക്കീറ് ആകാശത്തുണ്ടായിരുന്നു. ആ ഹിലാലിന് താഴെ സൗദി സൂപ്പർ കപ്പ് കിരീടം ഉയർത്തി സൗദി ക്ലബ്ബ് ഹിലാൽ പെരുന്നാളാഘോഷത്തെ ഇരട്ടിമധുരമാക്കി.
ബ്രസീലിയൻ ഫോർവേഡ് മാൽകോമിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് അൽ-ഹിലാൽ അൽ-ഇത്തിഹാദിനെതിരെ അനായാസ വിജയം സ്വന്തമാക്കിയത്. അഞ്ചാമത്തെ മിനിറ്റിലാണ് ഹിലാൽ ആദ്യഗോൾ സ്വന്തമാക്കിയത്. മാൽക്കം ആയിരുന്നു ഗോൾ നേടിയത്. അധികം വൈകാതെ അബ്ദുറസാഖ് ഹംദുല്ല ഇത്തിഹാദിനായി ഗോൾ നേടി. അതിന് മുമ്പ് ലഭിച്ച പെനാൽറ്റി ഹംദുല്ല പാഴാക്കിയിരുന്നു. പെനാൽറ്റി റീബൗണ്ടിലാണ് ഹംദുല്ല ഗോൾ നേടിയത്. നാൽപത്തിനാലാം മിനിറ്റ് വരെ ഇരു ടീമുകളും പിന്നീട് ഗോളൊന്നും നേടിയില്ല.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സാലിം അൽ ദോസരി ഹിലാലിന്റെ രണ്ടാം ഗോൾ നേടി. എൺപത്തിയൊമ്പതാം മിനിറ്റിൽ മാൽകം ഒരു ഗോൾ കൂടി നേടി മൊത്തം ടീം സ്കോർ മൂന്നിലെത്തിച്ചു. അൽ-ഇത്തിഹാദ് ക്യാപ്റ്റൻ അഹമ്മദ് ഹെഗാസിയെയും പകരക്കാരനായ നാസർ അൽ-ദവ്‌സാരിയെയും മറികടന്നാണ് മാൽകോം ക്ലോസ് റേഞ്ചിൽ നിന്ന് ഗോൾ നേടിയത്. തൊണ്ണൂറാമത്തെ മിനിറ്റിൽ നാസർ അൽ ദോസരി ഹിലാലിന്റെ ഗോൾനേട്ടം നാലിൽ എത്തിച്ചു.
ഇത് നാലാം തവണയാണ് അൽ ഹിലാൽ കിംഗ്സ് കപ്പ് നേടുന്നത്. ഇത്തിഹാദിന് വേണ്ടി കരീം ബെൻസേമ അടക്കമുള്ള സൂപ്പർ താരങ്ങൾ കളത്തിലിറങ്ങിയെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായില്ല. സെമിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെയാണ് ഇത്തിഹാദ് പരാജയപ്പെടുത്തിയത്.