മഡ്രിഡ്– ‘ഞാൻ റയൽ മാഡ്രിഡ് വിടുകയായിരിക്കാം, പക്ഷേ റയൽ മാഡ്രിഡ് ഒരിക്കലും എന്നെ ഉപേക്ഷിക്കില്ല. ഞാൻ എവിടെ പോയാലും, ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബിൽ കളിക്കാനുള്ള ബഹുമതി എനിക്ക് ലഭിച്ചുവെന്ന് ഞാൻ അഭിമാനത്തോടെ പറയും. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയുടെ ഭാഗമായതിന് നന്ദി’. “ഹാല മാഡ്രിഡ്, ആൻഡ് നത്തിംങ്ങ് മോർ!”
റയൽ ഇതിഹാസം ലുക്കാസ് വാസ്ക്വസ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ച അതി വൈകാരികമായ നീണ്ട കുറിപ്പിലെ അവസാന ഭാഗങ്ങളാണിത്. അങ്ങനെ പതിനേഴു വർഷത്തെ റയൽ മഡ്രിഡുമായുള്ള കളിയാത്രക്ക് വിരാമമിട്ടിരിക്കുകയാണ് വാസ്ക്വസ്. 402 മത്സരങ്ങൾ, മുപ്പത്തിയെട്ടു ഗോളുകൾ, 61 അസിസ്റ്റുകൾ. കിരീടത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ ഏതൊരു ഫുട്ബോളറും മോഹിക്കുന്ന എണ്ണവും കനവുമാണ് വാസ്ക്വസിന്റെ അലമാരയിലുള്ളത്. 5 ചാമ്പ്യൻസ് ലീഗ്, 3 ക്ലബ് വേൾഡ് കപ്പ്, 4 ലാലിഗാ ടൈറ്റിൽ, 3 സൂപ്പർ കപ്പ്, 1 കോപാ ഡെൽറെ ഇങ്ങനെ തുടങ്ങി എണ്ണിയാൽ തീരാത്ത നേട്ടങ്ങളുമായാണ് താരം ബെർണാബ്യു വിടുന്നത്.
ജീവിതത്തിന്റെ വലിയൊരു ഭാഗം റയലിനായി മാറ്റി വെച്ച അപൂർവം ചില കളിക്കാരിലൊരാളായിരുന്നു വാസ്ക്വസ്. വലതു വിങ്ങറായും, റൈറ്റ് ബാക്കായും, സെന്റർ മിഡ്ഫീൽഡറായും കോച്ചുമാരായ സിദാനും, കാർലോയും വാസ്ക്വസിനെ ഉപയോഗിച്ചിരുന്നു. ഒരു ഡബിൾ എഞ്ചിൻ വെഹിക്കിൾ എന്നാണ് ഒരേ സമയം ആരാധകരും, പരിശീലകരും വാസ്ക്വസിനെ വിശേഷിപ്പിച്ചിരുന്നത്. ഒരേ സമയം കളി മെനയുകയും, പ്രതിരോധം കാക്കുകയും ചെയ്യുന്ന തന്റെ ശാന്തവും പക്വതയുമാർന്ന കളി ശൈലിയിൽ ജീവിച്ചിരുന്ന കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം.
മുപ്പത്തിനാലുകാരനായ വാസ്ക്വസ് തന്റെ പ്രിയ ക്ലബിനോട് വിട പറഞ്ഞതോടെ നിരാശരായിരിക്കുകയാണ് മഡ്രിഡ് ആരാധകർ. 2016 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നഗരവൈരികളായ അത്ലറ്റികോ മഡ്രിഡിനെതിരെ പെനാൽട്ടി ഷൂട്ടൗട്ടിൽ ആദ്യ കിക്ക് എടുക്കാൻ പന്ത് തന്റെ ചൂണ്ടു വിരൽക്കൊണ്ട് കറക്കി ഒരു സമ്മർദവും കൂടാതെ പന്ത് ലക്ഷ്യത്തിലേക്കെത്തിച്ച് ടീമിന് കിരീടം ചൂടാൻ സഹായിച്ച വാസ്ക്വസിന്റെ ഓർമ്മകൾ എന്നും ആരാധകരിൽ നില നിൽക്കും