ജിദ്ദ- സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തി ചർച്ച പ്രതീക്ഷ ജനിപ്പിക്കുന്നതാണെന്ന് ഉക്രൈൻ പ്രസിഡന്റ് വ്ളാദമിർ സെലൻസ്കി. ജിദ്ദയിലെ കൊട്ടാരത്തിലാണ് സെലൻസ്കി കിരീടാവകാശിയുമായി ചർച്ച നടത്തിയത്. ചർച്ച ഏറെ ഫലപ്രദമാണ്. ആഗോള കാര്യങ്ങളെക്കുറിച്ചുള്ള മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ജ്ഞാനപൂർവമായ വീക്ഷണത്തിനും ഉക്രെയ്‌നിനുള്ള പിന്തുണയ്ക്കും നന്ദിയുള്ളവനാണ്. ഉക്രെയ്‌നിന്റെ ഭാവിയിൽ ആത്മവിശ്വാസം പകരുന്ന വാക്കുകൾ കേൾക്കുന്നത് പ്രത്യേകിച്ചും പ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി കാര്യങ്ങളും മറ്റ് പങ്കാളികളുമായുള്ള സഹകരണവും അടക്കം അജണ്ടയിലെ എല്ലാ പ്രധാന വിഷയങ്ങളും ചർച്ച ചെയ്തു. യഥാർത്ഥ സമാധാനം സ്ഥാപിക്കുന്നതിനുള്ള കിരീടാവകാശിയുടെ ശ്രമങ്ങളെ അംഗീകരിച്ചു. നയതന്ത്രത്തിന് ഒരു നിർണായക വേദിയാണ് സൗദി അറേബ്യ നൽകുന്നത്. ഇതിനെ ഞങ്ങൾ അഭിനന്ദിക്കുകയാണെന്നും സെലൻസ്കി വ്യക്തമാക്കി.
ഇന്ന് (മാർച്ച് 11) യുഎസ് സംഘവുമായുള്ള ചർച്ചക്കായി ഉക്രൈയ്നിൽനിന്നുള്ള പ്രതിനിധി സംഘം ജിദ്ദയിൽ തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗിക നടപടികളുണ്ടാകുമെന്നും ഈ ചർച്ചകളിൽ ഉക്രെയ്‌നിന്റെ നിലപാട് പൂർണ്ണമായും ക്രിയാത്മകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനും വിശ്വസനീയവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കാനും ആവശ്യമായ നടപടികളെയും വ്യവസ്ഥകളെയും കുറിച്ച് ഞങ്ങൾ വിശദമായ ചർച്ച നടത്തി. നയതന്ത്ര ശ്രമങ്ങളിൽ വിശ്വാസം വളർത്തിയെടുക്കുന്നതിന് വേണ്ടി തടവുകാരുടെ മോചനത്തിന്റെയും നമ്മുടെ കുട്ടികളുടെ തിരിച്ചുലഭിക്കുന്നതിന്റെയും ആവശ്യകതക്ക് പ്രത്യേകം ഊന്നൽ നൽകി. സാമ്പത്തിക സഹകരണം വ്യാപിപ്പിക്കാനും ഉക്രെയ്‌നിൽ നിക്ഷേപിക്കാനുമുള്ള സൗദി അറേബ്യയുടെ സന്നദ്ധതയെയും അഭിനന്ദിക്കുന്നു. സുരക്ഷ, ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നിക്ഷേപത്തിനുള്ള പ്രധാന മേഖലകളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. സാമ്പത്തിക വികസനത്തിനും ആശയവിനിമയത്തിനും, പ്രത്യേകിച്ച് ഉക്രെയ്നിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുവായ ഒരു കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.