ന്യൂഡൽഹി – ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാളാണ് ബില്ലുകൾ സഭയിൽ കൊണ്ടുവരുന്നത്. വനിതാ സംവരണ ഭേദഗതി ബില്ലിനൊപ്പം മണ്ഡല പുനർനിർണ്ണയ ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബില്ലും ഉൾപ്പെടെ ആകെ മൂന്ന് ബില്ലുകളാണ് കേന്ദ്ര സർക്കാർ ഇന്ന് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഈ മൂന്ന് ബില്ലുകളെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തീരുമാനം.
ഭരണഘടനാ ഭേദഗതിയായതിനാൽ ബില്ലുകൾ പാസാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ ബില്ലുകൾ തള്ളിപ്പോകാൻ സാധ്യതയുണ്ട്. തങ്ങൾ വനിതാ സംവരണത്തിന് എതിരല്ലെന്നും എന്നാൽ മണ്ഡല പുനർനിർണ്ണയം നടത്തുന്നതിലെ വിയോജിപ്പ് കാരണമാണ് ബില്ലിനെ എതിർക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഡി.എം.കെ എം.പിമാർ കറുത്ത വസ്ത്രം ധരിച്ചാകും ഇന്ന് സഭയിലെത്തുക.
ബില്ലിന്മേൽ ലോക്‌സഭയിൽ 18 മണിക്കൂർ നീളുന്ന സുദീർഘമായ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ചർച്ചയുടെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചയ്ക്കായി മാറ്റിയിരിക്കുന്നത്. ലോക്‌സഭാ സീറ്റുകൾ പരമാവധി 850 ആയി ഉയർത്തിക്കൊണ്ട് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് ഈ ചരിത്രപരമായ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.



