ജിദ്ദ – സൗദിയില്‍ ഇന്നു മുതല്‍ വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയതായി സാങ്കേതിക വിദഗ്ധർ. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. സൗദിയില്‍ വാട്‌സ് ആപ്പില്‍ വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ തിരികെ വന്നതായി സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു. രാജ്യത്ത് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനത്തെ പ്രതിഫലിപ്പിക്കുന്ന വോയ്സ്, വീഡിയോ കോളുകള്‍ വഴി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ അനുവദിക്കുന്ന ആശയവിനിമയ, വിവര സാങ്കേതിക സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചുവടുവെപ്പെന്ന് സാങ്കേതിക വിദഗ്ധന്‍ അബ്ദുല്ല അല്‍സുബൈഇ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ആശയവിനിമയ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്സ് ആപ്പ്. കോടിക്കണക്കിന് ആളുകള്‍ ദിവസവും ഇത് ടെക്സ്റ്റ്, വോയ്സ്, വീഡിയോ സംഭാഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ സേവനം സൗദിയില്‍ സജീവമാക്കുന്നത് ഉപയോക്താക്കളുടെ ആശയവിനിമയ അനുഭവം മെച്ചപ്പെടുത്താനുള്ള ഒരു നല്ല ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു. വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ സേവനം സൗദിയില്‍ നിലവില്‍വരുന്നത് ദശലക്ഷക്കണക്കിന് പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ അനുഗ്രഹമായി മാറും.