വയനാട്– ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമ്മിക്കുന്ന വീടുകളിൽ 17 എണ്ണം കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ടൗൺഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലായി പൂർത്തിയായ വീടുകളാണ് ഇന്ന് നൽകുന്നത്. ഇതോടെ ഇതുവരെ കൈമാറിയ വീടുകളുടെ എണ്ണം 43 ആയി ഉയരും. കഴിഞ്ഞ ദിവസം ആദ്യഘട്ടത്തിലെ 26 വീടുകൾ കൈമാറിയിരുന്നു. സർക്കാർ അനുമതി നൽകിയ 178 വീടുകളിൽ നിർമ്മാണം പൂർത്തിയാക്കി, മൂന്ന് ഘട്ടങ്ങളിലായി നടന്ന ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വീടുകൾ ഓരോന്നായി നൽകുന്നത്. നിലവിൽ 102 വീടുകൾ കൂടി അന്തിമഘട്ട പരിശോധനയ്ക്കായി തയ്യാറായിട്ടുണ്ട്.
ആദ്യഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, ഇവയുടെ അന്തിമ പരിശോധനകൾക്കായി മേൽനോട്ട ചുമതലയുള്ള കിഫ്കോണിന് കൈമാറിക്കഴിഞ്ഞു. ഇതിൽ 56 വീടുകളുടെ രണ്ടാംഘട്ട പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. ഓരോ ക്ലസ്റ്ററുകളായി തിരിച്ച് വീടുകൾ നൽകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപ് തന്നെ ആദ്യഘട്ടത്തിലെ എല്ലാ വീടുകളും കൈമാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മെയ് പകുതിയോടെ മുഴുവൻ വീടുകളുടെയും കൈമാറ്റം പൂർത്തിയാക്കാൻ കഴിയുമെന്ന് ഊരാളുങ്കൽ അധികൃതർ വ്യക്തമാക്കി.
അതേസമയം, വീടുകൾ കൈമാറുന്നുണ്ടെങ്കിലും ദുരന്തബാധിതർ ഇപ്പോൾ താമസം തുടങ്ങാൻ തീരുമാനിച്ചിട്ടില്ല. ആദ്യഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയായി, എല്ലാവർക്കും ഒരേസമയം വീടുകൾ ലഭിച്ച ശേഷം മാത്രമേ താമസം ആരംഭിക്കൂ എന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. സർക്കാർ സംവിധാനങ്ങളും നിർമ്മാണ കമ്പനിയും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ അതിവേഗത്തിലാണ് ടൗൺഷിപ്പിലെ പുനരധിവാസ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.



