ന്യൂദൽഹി- പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ വിയോജിപ്പ് വകവെക്കാതെ വഖഫ് ഭേദഗതി ബില്ലിലെ മാറ്റങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സംയുക്ത പാർലമെന്ററി കമ്മിറ്റി നിർദ്ദേശിച്ച 23 മാറ്റങ്ങളിൽ 14 എണ്ണത്തിനാണ് അംഗീകാരം നൽകിയത്. ഭേദഗതി ചെയ്ത ബിൽ മാർച്ച് 10 ന് സഭ വീണ്ടും ചേരുമ്പോൾ അവതരിപ്പിച്ചേക്കും. ഫെബ്രുവരി 13 ന് സംയുക്ത പാർലമെന്ററി കമ്മിറ്റി ഭേദഗതി റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു.
പാനലിലെ പ്രതിപക്ഷ എംപിമാരുടെ വിയോജന കുറിപ്പുകൾ രേഖയിൽനിന്ന് അപ്രത്യക്ഷമായത് വിവാദത്തിലായിരുന്നു. ആരോപണം കേന്ദ്രം നിഷേധിച്ചെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കുന്ന കാര്യങ്ങൾ നീക്കാൻ വിവേചനാധികാരമുണ്ടെന്ന് ജെ.പി.സി മേധാവിയും ബി.ജെ.പി നേതാവുമായ ജഗദംബിക പാൽ പറഞ്ഞു. എന്നാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, പ്രതിപക്ഷ എംപിമാർ എന്നിവർ തമ്മിലുള്ള കൂടിക്കാഴ്ചയെത്തുടർന്ന് വിയോജിപ്പ് കുറിപ്പുകൾ മുഴുവൻ രൂപത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. കമ്മിറ്റിയുടെ പ്രവർത്തനത്തെച്ചൊല്ലി പ്രതിപക്ഷവും ബി.ജെ.പിയും തമ്മിൽ നീണ്ട പോരാട്ടത്തിന് ശേഷമാണ് ജെപിസി റിപ്പോർട്ട് സമർപ്പിച്ചത്,
വഖഫ് ബോർഡിൽ മുസ്ലിംകൾ അല്ലാത്തവരെ ഉൾപ്പെടുന്നത് അടക്കമുള്ള പതിനാല് മാറ്റങ്ങളാണ് മന്ത്രിസഭ അംഗീകരിച്ചത്. ഒരു സ്വത്ത് ‘വഖഫ്’ ആണോ എന്ന് നിർണ്ണയിക്കാൻ ബന്ധപ്പെട്ട സംസ്ഥാനം നാമനിർദ്ദേശം ചെയ്ത ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും എന്നത് അടക്കമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്.