റിയാദ്- സൗദി അറേബ്യയിൽ വിസിറ്റ് വിസ ഓൺലൈനായി പുതുക്കുന്ന സംവിധാനം വീണ്ടും നിലവിൽ വന്നു. ഏതാനും മാസങ്ങളായി ലഭ്യമല്ലാതിരുന്ന സേവനമാണ് ഇന്ന് രാവിലെ മുതൽ വീണ്ടും നിലവിൽ വന്നത്. നേരത്തെ മൾട്ടിപ്പിൾ റീ എൻട്ര വിസ ഉള്ളവർക്ക് ഇന്ന് മുതൽ ഓൺലൈൻ വഴി വിസ പുതുക്കാനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമായി. ഇതേവരെ ഈ സേവനം ലഭ്യമായിരുന്നില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിസ പുതുക്കേണ്ടവർ മറ്റു രാജ്യങ്ങളിൽ പോയാണ് വിസ പുതുക്കി തിരിച്ചുവന്നിരുന്നത്. ഹജ് സേവനങ്ങളുടെ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി വിസ സർവീസുകളിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് വിസിറ്റ് വിസ പുതുക്കുന്നതും ഓഫ് ലൈൻ വഴിയാക്കിയത്. ഈ നിയന്ത്രണം എടുത്തു കളഞ്ഞത് ആയിരകണക്കിന് പ്രവാസികൾക്ക് ആശ്വാസമായി. മറ്റു രാജ്യങ്ങളിൽ നേരിട്ടു പോയി വിസ പുതുക്കി തിരിച്ചുവരുന്നത് മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. ജോർദാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രവാസികൾ വിസ പുതുക്കാനായി യാത്ര ചെയ്തിരുന്നത്.
സൗദി അറേബ്യയിലേക്കുളള മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ക്കുള്ള അപേക്ഷകള്‍ ഇന്ത്യയിലെ വിഎഫ്എസ് കേന്ദ്രങ്ങള്‍ ജൂണ്‍ 16 മുതല്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിൽ മൾട്ടിപ്പ്ൾ എൻട്രി വിസ ലഭിക്കുന്നവർക്കും ഇനി മുതൽ ഓൺലൈനിൽ വിസ കാലാവധി ദീർഘിപ്പിക്കാനാകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് 365 ദിവസത്തിന്റെ മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ വിഎഫ്എസിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. ഇതോടെ സൗദിയില്‍ നിന്ന് മള്‍ട്ടിപ്ള്‍ വിസയെടുത്തവര്‍ക്കെല്ലാം സിംഗിള്‍ വിസകളാണ് ലഭിച്ചിരുന്നത്. ഇത് കഴിഞ്ഞ ദിവസം മുതൽ മൾട്ടിപ്ൾ എൻട്രി വിസയായി ലഭിക്കുന്നുണ്ട്. നേരത്തെ വിസ ലഭിച്ചിട്ടും സ്റ്റാമ്പ് ചെയ്യാത്തവര്‍ക്ക് ഇപ്പോള്‍ അപോയിന്‍മെന്റെടുക്കാന്‍ സാധിക്കുന്നുണ്ട്.


വിസിറ്റ് വിസ കാലാവധി തീർന്നവർക്ക് ഓൺലൈൻ വഴി പുതുക്കാൻ സൗകര്യം
സൗദിയിൽ കാലാവധി തീര്‍ന്ന വിസിറ്റ് വിസകള്‍ ദീര്‍ഘിപ്പിച്ച്, ഫൈനൽ എക്സിറ്റിൽ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതി പ്രയോജനപ്പെടുത്താന്‍ അപേക്ഷ നല്‍കേണ്ടത് വിസിറ്റ് വിസക്ക് അപേക്ഷിച്ച സ്‌പോണ്‍സര്‍മാര്‍ തന്നെയാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സദാദ് ബാങ്കിംഗ് പെയ്‌മെന്റ് ചാനലുകള്‍ വഴി ഇതിന് ആവശ്യമായ ഫീസുകളും പിഴകളും അടക്കണം. ഇതിന് ശേഷം, സ്പോൺസറുടെ അബ്ശിറിലെ ഇന്‍ഡിവിജ്വല്‍സിലെ തവാസുല്‍ സേവനം വഴിയാണ് വിസ ദീര്‍ഘിപ്പിക്കാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു മാസം മാത്രമേ ഈ സംവിധാനം നിലവിലുണ്ടാകൂ. വിസിറ്റ് വിസാ കാലാവധി അവസാനിച്ച് സൗദിയില്‍ തങ്ങുന്ന വിദേശികള്‍ക്കും ഇവരെ വിസിറ്റ് വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്നവര്‍ക്കും പുതിയ പദ്ധതി ഏറെ ആശ്വാസകരമാണ്. ഇതു സംബന്ധിച്ച് ഇന്നലെ ദ മലയാളം ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ വിശദാംശങ്ങൾ അറിയാം.
പ്രയോജനം ആർക്കൊക്കെ
ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട (ഹുറൂബാക്കല്‍) വിസിറ്റ് വിസക്കാര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും. ഇതിന് ആദ്യം ഇവരുടെ പേരിലുള്ള ഹുറൂബ് റദ്ദാക്കണം. സ്‌പോണ്‍സര്‍മാരില്ലാത്ത വിസിറ്റ് വിസക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിനായി ഇവരുടെ ഡിജിറ്റല്‍ ഐജഡന്റിറ്റി ആക്ടിവേറ്റ് ചെയ്ത് അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ തവാസുല്‍ സേവനം വഴി അപേക്ഷ സമര്‍പ്പിക്കാം.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏതൊക്കെ വിസ മാറ്റാനാകും
ബിസിനസ്, തൊഴില്‍, ഫാമിലി വിസിറ്റ്, സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അടക്കം കാലാവധി തീര്‍ന്ന എല്ലായിനം വിസകളിലും സൗദിയിൽ കഴിയുന്നവര്‍ക്ക് എളുപ്പത്തിലും നിയമാനുസൃതവും രാജ്യം വിടാന്‍ സാധിക്കും.
കാലാവധി
മുഹറം ഒന്നു (ജൂൺ-26 വ്യാഴം) മുതല്‍ മുപ്പതു ദിവസമാണ് പദ്ധതി പ്രാബല്യത്തിലുണ്ടാവുക. നിശ്ചിത സമയത്തിനകം പദ്ധതി പ്രയോജനപ്പെടുത്താന്‍ വിസിറ്റ് വിസാ കാലാവധി അവസാനിച്ച എല്ലാവരോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
എളുപ്പത്തിലുള്ള സേവനം
ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ ഫീസുകളും പിഴകളും അടച്ച് ഓണ്‍ലൈന്‍ ആയി തന്നെ വിസ ദീര്‍ഘിപ്പിക്കാം. കാലാവധി അവസാനിച്ച വിസ ദീര്‍ഘിപ്പിക്കാനും പദവി ശരിയാക്കാനും ഒരു വകുപ്പിനെയും നേരിട്ട് സമീപിക്കേണ്ടതില്ല. വിസാ കാലാവധി അവസാനിച്ച് എത്ര കാലമായി രാജ്യത്ത് കഴിയുന്നവർക്കും ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി പ്രയോജനപ്പെടുത്തി വിസ പുതുക്കി സൗദിയിൽനിന്ന് പുറത്തുപോകാം.