തിരുവനന്തപുരം– ബിജെപി കേരളത്തില്‍ ഏതെങ്കിലും സീറ്റുകളില്‍ അധികമായി ജയിച്ചുവെങ്കില്‍ അതിന്റെ കാരണം സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗ്ഗീയ പ്രീണനമാണെന്നും ഇതിനായി ചിലരെ മുഖ്യമന്ത്രി തന്നെ കൂടെ കൊണ്ടുനടന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോകസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ പ്രീണനത്തിനും ശേഷം ഭൂരിപക്ഷ പ്രീണനത്തിനും ശ്രമിക്കുകയായിരുന്നു സിപിഎമ്മും പിണറായി വിജയനുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി നേടിയ വന്‍വിജയത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങളോട് വിയോജിപ്പ് ഉണ്ടാകാറുണ്ട്. പക്ഷെ ജനം ഇത്രയധികം വെറുത്ത മറ്റൊരു ഭരണം ഇത്രയും കാലമുണ്ടായിട്ടില്ല. ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാണിക്കാന്‍ ഐക്യമുന്നണിക്ക് കഴിഞ്ഞു. വിജയിക്കാന്‍ കാരണം ടീം യുഡിഎഫിന്റെ ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ്. ഇത് തന്നെയാണ് നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള ഉപതെരെഞ്ഞെടുപ്പില്‍ കണ്ടതും. കേരളത്തിലെ ഏറ്റവും ശക്തമായ മുന്നണിയാണ് ഐക്യജനാധിപത്യമുന്നണിയുടേത് എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. യുഡിഎഫ് നടത്തിയ മുന്നൊരുക്കവും യുഡിഎഫ് നടത്തിയ ചിട്ടയോടെയുള്ള പ്രവര്‍ത്തനവും പ്രകടന പത്രികയുമെല്ലാം വിജയത്തിന് സഹായിച്ച ഘടകങ്ങളാണ്. മികച്ച വിജയം കൈവരിക്കാന്‍ പ്രയത്‌നിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ആക്ഷേപിച്ചാണ് സിപിഎം നേതാക്കൾ സംസാരിക്കുന്നത്. മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി കേരളത്തിലെ ജനങ്ങളെ അപമാനിച്ചു സംസാരിച്ചു. ഇത് മുഖ്യമന്ത്രിയുടെ കൂടി നിലപാടാണ് എന്നാണ് മനസ്സിലാക്കുന്നത്. സംസ്ഥാനത്തെ ഖജനാവില്‍ നിന്നാണ് ജനങ്ങള്‍ക്ക് അവരുടെ അവകാശം വകവെച്ചു നല്‍കുന്നത്. സിപിഎം നേതാക്കളുടെ വീട്ടില്‍ നിന്നാണോ ജനങ്ങളുടെ ആനുകൂല്യം കൊടുക്കുന്നതെന്നും വിഡി സതീഷന്‍ ചോദിച്ചു. ജനങ്ങള്‍ വലിയ വിജയം നല്‍കുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ കൂടുതല്‍ വിനയാന്വിതരായി മാറുക എന്നതാണ് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഉത്തരവാദിത്വം. ശബരിമല വിഷയം ബിജെപി നേതാക്കള്‍ മറച്ചുപിടിച്ചു. രണ്ട് മുതിര്‍ന്ന സിപിഎം നേതാക്കള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ ജയിലില്‍ കിടന്നിട്ടും ഒരു നടപടി പോലും സിപിഎം സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



