വത്തിക്കാന്‍ സിറ്റി – ഗാസയില്‍ നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയെ ശക്തമായി എതിര്‍ത്ത് വത്തിക്കാന്‍. ഫലസ്തീന്‍ ജനത അവരുടെ സ്വന്തം മണ്ണില്‍ തന്നെ തുടരണമെന്ന് മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് കത്തോലിക്ക സഭയുടെ അടിസ്ഥാന നിലപാടുകളില്‍ ഒന്നാണ്. നാടുകടത്തല്‍ പാടില്ല – ഇറ്റലി-വത്തിക്കാന്‍ യോഗത്തിനിടെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. ഫലസ്തീനികളെ മാറ്റുന്നത് പ്രാദേശിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. ജോര്‍ദാന്‍ പോലുള്ള അയല്‍ രാജ്യങ്ങള്‍ ഫലസ്തീനികളെ മാറ്റിപ്പാര്‍ക്കുന്നത് എതിര്‍ക്കുന്നതിനാല്‍ ഈ പദ്ധതി അര്‍ഥശൂന്യമാകും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടത്. ദ്വിരാഷ്ട്ര പരിഹാരം ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുമെന്നും കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു.
യുദ്ധത്തില്‍ തകര്‍ന്ന ഗാസ ഏറ്റെടുക്കാനും ഇരുപതു ലക്ഷത്തിലേറെ വരുന്ന ഗാസ നിവാസികളെ ജോര്‍ദാനിലേക്കോ ഈജിപ്തിലേക്കോ മാറ്റാനുമുള്ള നിര്‍ദേശം ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ ആശയം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പക്ഷേ, ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ പദ്ധതിയെ വിപ്ലവകരം എന്ന് വിശേഷിപ്പിച്ചു.
അമേരിക്കയിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള ട്രംപിന്റെ പദ്ധതികളെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇയാഴ്ച വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് എഴുതിയ കത്തില്‍ കത്തോലിക്കാ സഭാ മേധാവി നാടുകടത്തലിനെ വലിയ പ്രതിസന്ധി എന്ന് വിശേഷിപ്പിച്ചു. സ്വന്തം രാജ്യങ്ങളിലെ ദുരിതങ്ങളില്‍ നിന്ന് പലായനം ചെയ്ത ആളുകളെ തിരിച്ചയക്കുന്നത് കുടിയേറ്റക്കാരുടെ അന്തസിന് കോട്ടംതട്ടിക്കും. അതിദാരിദ്ര്യത്താലോ, അരക്ഷിതാവസ്ഥയാലോ, ചൂഷണത്താലോ, പീഡനത്താലോ, ഗുരുതരമായ പരിസ്ഥിതി നശീകരണത്താലോ സ്വന്തം രാജ്യങ്ങള്‍ വിട്ടുപോയ ആളുകളെ പുറത്താക്കുന്നത് അവരുടെ അന്തസിനെതിരായ ആക്രമണമാണെന്നും മാര്‍പാപ്പ പറഞ്ഞു.