ജിദ്ദ – ഈ വര്‍ഷം ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍ ഇല്ലാതെ ഹജ് പാക്കേജുകള്‍ പരിശോധിക്കാനോ പാക്കേജിന്റെ ഭാഗമാകനോ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യത്തോടെയും സുരക്ഷിതമായും ആരാധനാക്രമങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നതിനും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ ശുപാര്‍ശ ചെയ്യുന്ന പ്രതിരോധ കുത്തിവെപ്പുകള്‍ ആഭ്യന്തര തീര്‍ഥാടകര്‍ എടുക്കണം. സുരക്ഷിതമായ ഹജ് സീസണ്‍ ഉറപ്പുവരുത്താന്‍ തീര്‍ഥാടകര്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനും കോവിഡ്-19 വാക്‌സിനും എടുക്കണം.
വാക്‌സിന്‍ എടുക്കാന്‍ സഹത്തീ ആപ്പ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.