വാഷിംഗ്ടൺ– ഇറാൻ തുറമുഖങ്ങളെയും അങ്ങോട്ടേക്ക് പോകുന്ന കപ്പലുകളെയും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യൻ സമയം രാത്രി ഏഴരയോടെയാണ് ഉപരോധം നിലവിൽ വന്നത്. ഉപരോധം നടപ്പാക്കാൻ ട്രംപ് അമേരിക്കൻ നാവികസേനയ്ക്ക് കർശന നിർദ്ദേശം നൽകി. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള എല്ലാത്തരം സമുദ്ര ഗതാഗതവും തടയുമെന്ന് യുഎസ് നാവികസേന അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ ഉത്തരവ് അനുസരിച്ച് അനിശ്ചിതകാലത്തേക്കായിരിക്കും ഈ ഉപരോധം തുടരുക.
ഉപരോധം ആരംഭിച്ചതിന് പിന്നാലെ ഇറാനിയൻ കപ്പലുകൾക്കെതിരെ കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കൻ കപ്പലുകൾക്ക് സമീപം ഇറാന്റെ കപ്പലുകൾ വന്നാൽ അവ തകർത്തുകളയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻപ് മയക്കുമരുന്ന് മാഫിയകളുടെ ബോട്ടുകൾ തകർത്തതുപോലെ ഇറാന്റെ കപ്പലുകളും തകർക്കുമെന്നും അത്യന്തം മാരകമായ ആക്രമണമായിരിക്കും നടത്തുകയെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ വ്യക്തമാക്കി. ഇറാന്റെ നാവികസേനയെ കടലിന്റെ അടിത്തട്ടിലേക്ക് അയച്ചുവെന്നും ഇതുവരെ അവരുടെ 158 കപ്പലുകൾ തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാൻ അല്ലാത്ത മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയത് ആഗോള വിപണിയെ ആശങ്കയിലാക്കുന്നുണ്ട്. മേഖലയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥ വരുംദിവസങ്ങളിൽ എണ്ണവില കുതിച്ചുയരാൻ കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.



