തെല്‍അവീവ് – ഗാസയില്‍ ഇസ്രായിലിന്റെയും ഹമാസിന്റെയും കീഴിലുള്ള പ്രദേശങ്ങള്‍ താല്‍ക്കാലികമായി വിഭജിക്കുന്നതിനെ കുറിച്ച് അമേരിക്കയും ഇസ്രായിലും പഠിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഗാസ വിഭജിക്കാനുള്ള നിര്‍ദേശത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാൽ, ഗാസ മുനമ്പ് വിഭജിക്കാനുള്ള ആശയം അറബ് മധ്യസ്ഥര്‍ ശക്തമായി നിരസിച്ചു.
അതേസമയം, ഗാസ മുനമ്പില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണ ഫണ്ടുകള്‍ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മരുമകനും ഗാസ വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന മധ്യസ്ഥനുമായ ജാരെഡ് കുഷ്നര്‍ പറഞ്ഞിരുന്നു. ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ പ്രദേശങ്ങളില്‍ പുനര്‍നിര്‍മ്മാണം എങ്ങിനെ ആരംഭിക്കാം എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കുഷ്നര്‍ പറഞ്ഞു. കിര്യത്ത് ഗട്ടിലെ യു.എസ്-ഇസ്രായില്‍ ഗാസ വെടിനിര്‍ത്തല്‍ ഏകോപന കേന്ദ്രത്തില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് കുഷ്നര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജെ.ഡി. വാന്‍സ് ഇസ്രായില്‍ സന്ദര്‍ശനം തുടരുകയാണ്. അമേരിക്കന്‍ വിദേശ മന്ത്രി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇസ്രായിലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ഇസ്രായില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം മടങ്ങി. സമാധാനത്തെ കുറിച്ചും ഏകദേശം ഒരാഴ്ച മുമ്പ് ആരംഭിച്ച കരാറിന്റെ തുടര്‍ച്ച എങ്ങിനെ ഉറപ്പാക്കാമെന്നും രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് വിജയകരമായി നീങ്ങാനുള്ള സാധ്യതയെ കുറിച്ചും സംസാരിക്കാനാണ് താന്‍ വന്നതെന്ന് ബുധനാഴ്ച ജറൂസലമില്‍ നെതന്യാഹുവിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ വാന്‍സ് പറഞ്ഞു.



