ന്യൂദൽഹി: അമേരിക്കയിലെ വാഗ്ദത്ത ഭൂമി സ്വപ്നം കണ്ട് യാത്ര തിരിക്കുമ്പോൾ മനോഹരമായൊരു ജീവിതമാണ് പലരും സ്വപ്നം കണ്ടിരുന്നത്. എന്നാൽ അമേരിക്കയിലേക്കും അവിടെനിന്ന് ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം തിരിച്ചുവരുന്ന യാത്രയും കൊടുംദുരിതം മാത്രം നൽകിയതിന്റെ ഞെട്ടിക്കുന്ന വസ്തുതകൾ വിവരിക്കുകയാണ് അമേരിക്കയിൽനിന്ന് തിരിച്ചയച്ചവർ. ഇന്നലെ പഞ്ചാബിലെ അമൃതസറിൽ എത്തിയ ഇന്ത്യക്കാരാണ് ദുരിതം വിവരിക്കുന്നത്.
ദൽഹിയിൽനിന്നും തെക്കേ അമേരിക്കയിലേക്കുള്ള ദീർഘദൂര വിമാനയാത്രകൾ, അക്രമാസക്തമായ കടലുകളിലൂടെ ആടിയുലയുന്ന ബോട്ടുകളിലൂടെയുള്ള യാത്രകൾ, ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയുള്ള കാൽനടയാത്രകൾ, യുഎസ്-മെക്സിക്കോ അതിർത്തിയിലെ ഇരുണ്ട തടവറകൾ, ഇന്ത്യയിലേക്കുള്ള മടക്കയാത്ര. അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാർക്ക് പറയാനേറെയുണ്ട്.
42 ലക്ഷം രൂപ നൽകിയ ഏജന്റ് തനിക്ക് യു.എസിൽ വർക്ക് വിസ വാഗ്ദാനം ചെയ്തുവെന്നും അവസാന നിമിഷം വിസ ലഭിച്ചില്ലെന്ന് പറഞ്ഞതായും പഞ്ചാബിലെ തഹ്‌ലി ഗ്രാമവാസിയായ ഹർവീന്ദർ സിംഗ് പറഞ്ഞു. തന്നെ ഏജന്റ് ദൽഹിയിൽ നിന്ന് ഖത്തറിലേക്കും പിന്നീട് ബ്രസീലിലേക്കും വിമാനത്തിൽ കൊണ്ടുപോയി. ബ്രസീലിൽനിന്ന് പെറുവിലേക്ക് വിമാനം ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. പിന്നീട് ടാക്സിയിൽ കൊളംബിയയിലേക്ക് കൊണ്ടുപോയി. പനാമയിൽ എത്തിയ ശേഷം കപ്പലിൽ കൊണ്ടുപോകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ മലഞ്ചെരുവിലൂടെ 45 കിലോമീറ്ററിലധികം നടന്നു.
പിന്നീട് തന്നെയും കുടിയേറ്റക്കാരെയും ഒരു ചെറിയ ബോട്ടിൽ മെക്സിക്കോ അതിർത്തിയിലേക്ക് കൊണ്ടുപോയി. നാല് മണിക്കൂർ നീണ്ട കടൽ യാത്രയിൽ, അവരെ വഹിച്ചുകൊണ്ടുപോയ ബോട്ട് മറിഞ്ഞു. കൂടെയുണ്ടായിരുന്നവരിൽ ഒരാൾ മരിച്ചു. മറ്റൊരാൾ പനാമ കാട്ടിൽ മരിച്ചു. കുറച്ചു ഭക്ഷണം മാത്രമാണ് തങ്ങൾക്ക് ലഭിച്ചത്.
ദാരാപൂർ ഗ്രാമത്തിലെ സുഖ്പാൽ സിംഗും സമാനമായ അനുഭവം വിവരിച്ചു. കടൽ വഴി 15 മണിക്കൂർ സഞ്ചരിച്ച്, ആഴമേറിയ താഴ്‌വരകളാൽ ചുറ്റപ്പെട്ട കുന്നുകളിലൂടെ 40-45 കിലോമീറ്റർ നടന്നു. യാത്രയ്ക്കിടെ ആർക്കെങ്കിലും പരിക്കേറ്റാൽ, അവരെ മരിക്കാൻ വിടുമായിരുന്നു. വഴിയിൽ നിരവധി മൃതദേഹങ്ങൾ ഞങ്ങൾ കണ്ടു,” അദ്ദേഹം പറഞ്ഞു.
യു.എസിലേക്ക് പ്രവേശിക്കാൻ അതിർത്തി കടക്കുന്നതിന് തൊട്ടുമുമ്പ് മെക്സിക്കോയിൽ തന്നെ അറസ്റ്റ് ചെയ്തതിനാൽ യാത്ര തുടരാനായില്ല. “ഞങ്ങളെ 14 ദിവസത്തേക്ക് ഒരു ഇരുണ്ട സെല്ലിൽ പാർപ്പിച്ചു, ഞങ്ങൾ ഒരിക്കലും സൂര്യനെ കണ്ടില്ല. സമാനമായ സാഹചര്യങ്ങളിൽ ആയിരക്കണക്കിന് പഞ്ചാബി ആൺകുട്ടികളും കുടുംബങ്ങളും കുട്ടികളും ഉണ്ട്,” അദ്ദേഹം പറഞ്ഞു, തെറ്റായ വഴികളിലൂടെ വിദേശത്തേക്ക് പോകാൻ ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള അമേരിക്കൻ സൈനിക വിമാനം ബുധനാഴ്ചയാണ് അമൃത്സറിൽ എത്തിയത്. ഡൊണാൾഡ് ട്രംപ് സർക്കാർ നാടുകടത്തിയ ഇന്ത്യക്കാരുടെ ആദ്യ ബാച്ചാണിത്. അവരിൽ 33 പേർ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും, 30 പേർ പഞ്ചാബിൽ നിന്നുള്ളവരും, മൂന്ന് പേർ വീതം മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും, രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുള്ളവരുമാണ്. നാല് വയസ്സുള്ള ഒരു ആൺകുട്ടിയും അഞ്ച്, ഏഴ് വയസ്സുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടെ പത്തൊൻപത് സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരുന്നു. അമൃതസർ വിമാനത്താവളത്തിൽ ഇറങ്ങിയതിനുശേഷം മാത്രമാണ് വിലങ്ങ് അഴിച്ചു മാറ്റിയത്.