വാഷിംഗ്ടണ്‍ – ഇറാനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതിക്ക് നൽകിയിരുന്ന ഇളവുകൾ അവസാനിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചു. ഗൾഫ് ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാന്റെ ഫണ്ടുകൾ പരിശോധിക്കാനും ഇറാൻ ഭരണകൂടം, അവിടുത്തെ നേതാക്കൾ, റെവല്യൂഷണറി ഗാർഡ് എന്നിവരുടെ ആസ്തികൾ മരവിപ്പിക്കാനും ഗൾഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബിസെന്റ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങളിൽ നയതന്ത്ര പരിഹാരത്തിനായി പാകിസ്ഥാൻ മധ്യസ്ഥശ്രമം നടത്തുന്നതിനിടയിലാണ് ഇറാന്റെ ആസ്തികൾ മരവിപ്പിക്കാനും നാവിക ഉപരോധം ഏർപ്പെടുത്താനുമുള്ള അമേരിക്കയുടെ ഈ നീക്കം.
ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കർശനമായ ‘സെക്കൻഡറി ഉപരോധങ്ങൾ’ ഏർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ ഊർജ്ജ സാഹചര്യം മിഡിൽ ഈസ്റ്റിലെ പങ്കാളി രാജ്യങ്ങളുമായി ചേർന്ന് അമേരിക്ക ഏകോപിപ്പിക്കുന്നുണ്ട്. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ നേരത്തെ അനുവദിച്ചിരുന്ന പൊതു ലൈസൻസുകളോ ഇളവുകളോ ഇനി പുതുക്കില്ലെന്ന് സ്കോട്ട് ബിസെന്റ് അറിയിച്ചു. ഇറാൻ എണ്ണയ്ക്കുള്ള മുപ്പത് ദിവസത്തെ ഇളവ് ഉടൻ അവസാനിക്കും. റഷ്യൻ എണ്ണയ്ക്കുള്ള സമാനമായ ഇളവ് ഏപ്രിൽ 19-ന് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആഗോള ഊർജ്ജ വില കുറയ്ക്കാനായി ഉപരോധങ്ങളിൽ ഇളവ് നൽകിയിരുന്ന ട്രംപ് ഭരണകൂടത്തിന്റെ നയം അവസാനിക്കുകയാണ്.
കഴിഞ്ഞ മാർച്ചിൽ ട്രഷറി വകുപ്പ് അനുവദിച്ച ഇളവുകൾ വഴി ഏകദേശം 14 കോടി ബാരൽ എണ്ണ വിപണിയിലെത്തുകയും യുദ്ധകാലത്തെ വിതരണ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇനി ഉപരോധം കർശനമാക്കുന്നതോടെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് താൽക്കാലികമായി നിർത്തുമെന്നാണ് അമേരിക്ക കരുതുന്നത്. ഹുർമുസ് കടലിടുക്ക് തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ആഗോള എണ്ണ വിതരണം സാധാരണ നിലയിലാകുമെന്നും, കടലിടുക്ക് തുറന്നാലുടൻ കയറ്റുമതി പുനരാരംഭിക്കാൻ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ട്രഷറി സെക്രട്ടറി വിശദീകരിച്ചു.
ഇറാൻ എണ്ണ പ്രതിസന്ധിയെക്കുറിച്ച് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ധനമന്ത്രിമാരുമായി ട്രഷറി സെക്രട്ടറി ഉടൻ കൂടിക്കാഴ്ച നടത്തും. വരാനിരിക്കുന്ന വേനൽക്കാലത്ത് അമേരിക്കയിലെ പെട്രോൾ വില ഏകദേശം മൂന്ന് ഡോളറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ പാലിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ യുദ്ധസാഹചര്യം അവസാനത്തോടടുക്കുകയാണെന്നും സ്കോട്ട് ബിസെന്റ് കൂട്ടിച്ചേർത്തു.



