ന്യൂയോര്‍ക്ക് – ഐക്യരാഷ്ട്രസഭ ആസന്നമായ സാമ്പത്തിക തകര്‍ച്ച നേരിടാനുള്ള സാധ്യതയെ കുറിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കടുത്ത മുന്നറിയിപ്പ് നല്‍കി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് തടയാന്‍ കുടിശ്ശികകള്‍ കാലതാമസമില്ലാതെ അടക്കണമെന്ന് അംഗരാജ്യങ്ങള്‍ക്ക് അയച്ച ഇ-മെയിലില്‍ ഗുട്ടെറസ് ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമതും വിജയിച്ച് 2025 ന്റെ തുടക്കത്തില്‍ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ശേഷം ഏതാനും യു.എന്‍ ഏജന്‍സികള്‍ക്കുള്ള ധനസഹായം കുറക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ തുടര്‍ന്നാണ് യു.എന്‍ സാമ്പത്തിക പ്രതിസന്ധിയിലായത്. യു.എന്നിന്റെ അംഗീകൃത പതിവ് ബജറ്റിന്റെ പ്രധാന ഭാഗം നികത്തുന്ന നിര്‍ബന്ധിത സംഭാവനകള്‍ തടഞ്ഞുവെക്കാനുള്ള തീരുമാനങ്ങളില്‍ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി അന്താരാഷ്ട്ര സംഘടനയെ നിയമനം മരവിപ്പിക്കല്‍, പേയ്മെന്റുകള്‍ക്ക് കാലതാമസം വരുത്തല്‍, ചില ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ കുറക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതമാക്കിയതായി സെക്രട്ടറി ജനറല്‍ വിശദീകരിച്ചു. നിലവിലെ പാത സുസ്ഥിരമല്ല. ഇത് സംഘടനയെ സാമ്പത്തിക അപകടസാധ്യതയിലേക്ക് തള്ളിവിടുകയും പ്രധാന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ നിന്ന് തടയുകയും ചെയ്യും. ഒന്നുകില്‍ സംഘടനയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് അതിന്റെ സാമ്പത്തിക നിയമങ്ങളുടെ അടിസ്ഥാനപരവും സമഗ്രവുമായ പുനഃപരിശോധന അംഗീകരിക്കുക, അല്ലെങ്കില്‍ മൊത്തം സാമ്പത്തിക തകര്‍ച്ചയുടെ യഥാര്‍ഥ സാധ്യത അംഗീകരിക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ മാത്രമാണ് അംഗരാജ്യങ്ങള്‍ക്കു മുന്നിലുള്ളതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.



