ജിദ്ദ – ഹജ് കര്‍മം നിര്‍വഹിക്കാന്‍ സൗകര്യങ്ങളൊരുക്കി നല്‍കുമെന്ന് വാദിച്ച് ഈജിപ്തില്‍ നിന്ന് നിരവധി പേരെ വിസിറ്റ് വിസകളില്‍ സൗദിയിലെത്തിച്ച് കൈയൊഴിഞ്ഞ് നിരവധി പേരുടെ മരണത്തിന് കാരണക്കാരായി മാറിയ 450 ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തി.
തീര്‍ഥാടകരെ കബളിപ്പിച്ച, നിലവില്‍ വിദേശത്ത് കഴിയുന്ന നിരവധി ഏജന്റുമാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ സമ്പൂര്‍ണ പട്ടിക തയാറാക്കിയിട്ടുണ്ട്. ഈജിപ്തിലെ എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന മുറക്ക് ഇവരെ അറസ്റ്റ് ചെയ്യും. തീര്‍ഥാടകരുടെ കൈവശമുള്ള ബാര്‍കോഡുകളില്‍ നിന്നാണ് തട്ടിപ്പ് നടത്തിയ ഏജന്റുമാരെ തിരിച്ചറിഞ്ഞത്. ബാര്‍കോഡ് നല്‍കിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബാര്‍കോഡുകളില്‍ അടങ്ങിയിരിക്കുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അതികഠിനമായ ചൂട് കാരണമായ ആരോഗ്യ പ്രശ്‌നങ്ങളും തളര്‍ച്ചയും മൂലം ഇത്തവണത്തെ ഹജിന് 1,301 തീര്‍ഥാടകര്‍ മരണപ്പെട്ടതായും ഇക്കൂട്ടത്തില്‍ 83 ശതമാനവും ഹജ് പെര്‍മിറ്റില്ലാത്ത നിയമ ലംഘകരാണെന്നും സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ അറിയിച്ചിട്ടുണ്ട്. പാര്‍പ്പിട സ്ഥലമോ വിശ്രമമോ ഇല്ലാതെ, വെയിലത്ത് ഇവര്‍ ദീര്‍ഘദൂരം നടന്നു. പുണ്യസ്ഥലങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ചിലര്‍ മരുഭൂപാതകളും പര്‍വതങ്ങളും താണ്ടി. ഇക്കൂട്ടത്തില്‍ ചിലര്‍ പ്രായമായവരും മാറാരോഗങ്ങള്‍ ബാധിച്ചവരുമായിരുന്നു. ഇതാണ് നിരവധി പേരുടെ മരണത്തിന് ഇടായക്കിയതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
നിയമ വിരുദ്ധമായി ഈജിപ്ഷ്യന്‍ തീര്‍ഥാടകരെ സൗദിയിലെത്തിച്ച് കൈയൊഴിഞ്ഞ 16 ടൂറിസം കമ്പനികളുടെ ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കമ്പനികള്‍ നിയമ വിരുദ്ധമായി ഹജ് തീര്‍ഥാടകരെ സൗദിയിലേക്ക് അയച്ചതായി പ്രാഥമികാന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തീര്‍ഥാടകര്‍ക്ക് ഒരുവിധ സേവനങ്ങളും നല്‍കിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടാണ് കമ്പനികളുടെ ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി ഉത്തവിട്ടത്. കമ്പനിയധികൃതര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കമ്പനികള്‍ക്ക് ഭീമമായ തുക പിഴ ചുമത്താനും തീരുമാനമുണ്ട്. കമ്പനികളില്‍ നിന്ന് ഈടാക്കുന്ന പിഴ തുക ഇവര്‍ കാരണം മരണപ്പെട്ട ഹാജിമാരുടെ കുടുംബങ്ങള്‍ക്ക് കൈമാറും.