ജിദ്ദ – വർഷങ്ങളായി തുടരുന്ന യുദ്ധത്തിന്റെ കെടുതികളിൽനിന്ന് ഉക്രൈനും റഷ്യയും മോചിതമാകുമോ. ഈ ചോദ്യത്തിനുള്ള ഉത്തരം തേടി ലോകം സൗദി അറേബ്യയിലേക്ക് ഉറ്റുനോക്കുന്നു. മൂന്നു വര്‍ഷമായി തുടരുന്ന ഉക്രൈന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ച ജിദ്ദയിൽ തുടങ്ങി. ഉക്രൈൻ-അമേരിക്കൻ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. റഷ്യക്കും ഉക്രൈനും ഇടയിൽ താൽക്കാലിക വെടിനിർത്തൽ വന്നേക്കുമെന്നാണ് സൂചന.
സമാധാനം കൈവരിക്കാനുമുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അറേബ്യയുടെ പിന്തുണ അറിയിച്ചു. ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയെ സ്വീകരിച്ചാണ് സൗദി അറേബ്യയുടെ ഉറച്ച പിന്തുണ കിരീടാവകാശി വ്യക്തമാക്കിയത്. ഉക്രൈന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും സൗദി അറേബ്യയും ഉക്രൈനും തമ്മിലുള്ള ബന്ധങ്ങളും ഇരുവരും വിശകലനം ചെയ്തു.
ഉക്രൈന് പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രസിഡന്റ് സെലെന്‍സ്‌കി നന്ദിയും അഭിനന്ദനവും അറിയിച്ചു. മധ്യപൂര്‍വദേശത്തും ലോകത്തും സൗദി അറേബ്യ വഹിക്കുന്ന നിര്‍ണായക പങ്ക് പ്രശംസനീയമാണെന്നും സെലന്‍സ്‌കി പറഞ്ഞു. ഉക്രൈന്‍ പ്രതിസന്ധിയുടെ ആദ്യ നാളുകള്‍ മുതല്‍, സംവാദത്തിലൂടെ ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്ന പരിഹാരത്തിലെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായിക്കാനുള്ള സൗദി അറേബ്യയുടെ സന്നദ്ധത മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാനും ശാശ്വതവും വിശ്വസനീയവുമായ സമാധാനം ഉറപ്പാക്കാനും കാരണമായേക്കാവുന്ന നടപടികളെയും വ്യവസ്ഥകളെയും കുറിച്ച് സൗദി കിരീടാവകാശിയുമായി വിശദമായ ചര്‍ച്ച നടത്തിയതായി സെലന്‍സ്‌കി പിന്നീട് പറഞ്ഞു.
മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് അല്‍ഈബാന്‍, വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, ധന മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, ഉക്രൈനിലെ സൗദി അംബാസഡര്‍ മുഹമ്മദ് അല്‍ബറക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2022 ഫെബ്രുവരിയില്‍ റഷ്യ-ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം നാലാം തവണയാണ് സെലന്‍സ്‌കി സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉക്രൈന്‍ പ്രസിഡന്റിനെ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരനും വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബിയും മക്ക പ്രവിശ്യ പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സ്വാലിഹ് അല്‍ജാബിരിയും ജിദ്ദ ഡെപ്യൂട്ടി മേയര്‍ എന്‍ജിനീയര്‍ അലി അല്‍ഖര്‍നിയും ഉക്രൈനിലെ സൗദി അംബാസഡര്‍ മുഹമ്മദ് അല്‍ബറകയും സൗദിയിലെ ഉക്രൈന്‍ അംബാസഡര്‍ അനറ്റോലി പെട്രെങ്കോയും മക്ക പ്രവിശ്യ റോയല്‍ പ്രോട്ടോക്കോള്‍ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അഹ്മദ് ബിന്‍ ദാഫിറും ചേര്‍ന്ന് സ്വീകരിച്ചു. കിരീടാവകാശിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഉക്രൈന്‍ പ്രസിഡന്റ് ജിദ്ദയില്‍ നിന്ന് മടങ്ങി.
ലോകത്ത് ശാശ്വത സമാധാനം കൈവരിക്കാനുള്ള സൗദി അറേബ്യയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, അമേരിക്കയുമായി നിശ്ചയിച്ച ചെയ്ത ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് ഒഴികെയുള്ള ഉക്രൈന്‍ സംഘം ജിദ്ദയില്‍ തന്നെ തുടരുന്നു. റഷ്യക്കും ഉക്രൈനുമിടയില്‍ സമാധാനം കൈവരിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പുതിയ ഘട്ടത്തിലേക്ക് ഉക്രൈന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉക്രൈന് സമാധാനത്തില്‍ കൂടുതല്‍ താല്‍പര്യമുള്ളതായും അമേരിക്കയുമായി സൃഷ്ടിപരമായ സംഭാഷണത്തിന് ഉക്രൈന്‍ പ്രതിജ്ഞാബദ്ധമാണെന്നും ജിദ്ദയില്‍ വിമാനം ഇറങ്ങുന്നതിന് മുമ്പ് സെലന്‍സ്‌കി പറഞ്ഞു.
ഉക്രൈന്‍ പ്രതിനിധി സംഘം ജിദ്ദയിലെത്തിയതിനു പിന്നാലെ അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധി സംഘവും എത്തി. 2025 മാര്‍ച്ച് 10 നും 12 നും ഇടയിലുള്ള ദിവസങ്ങള്‍ റൂബിയോ ജിദ്ദയില്‍ ചെലവഴിക്കുമെന്നും സൗദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഉക്രൈന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അമേരിക്കന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉക്രൈന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി വൈകാതെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ വിദേശ മന്ത്രിയുമായി പ്രത്യേകം ചര്‍ച്ച നടത്തി. സിറിയയില്‍ സ്ഥിരതയുള്ള സര്‍ക്കാരിനെ പിന്തുണക്കാനുള്ള മാര്‍ഗങ്ങള്‍, യെമനിലെ ഹൂത്തി ഗ്രൂപ്പില്‍ നിന്നുള്ള ഭീഷണികള്‍, ഗാസ പുനര്‍നിര്‍മാണം എന്നിവയെ കുറിച്ച് മാര്‍ക്കോ റൂബിയോ സൗദി കിരീടാവകാശിയുമായി ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഉക്രൈന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനെ കുറിച്ച് മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള ഉന്നതതല അമേരിക്കന്‍ സംഘം ഉക്രൈന്‍ സംഘവുമായി ജിദ്ദയില്‍ ചര്‍ച്ച നടത്തും. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ അമേരിക്കന്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു. ഉക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക്, അദ്ദേഹത്തിന്റെ സഹായി പാവ്ലോ ബാലിസ, വിദേശ മന്ത്രി ആന്‍ഡ്രി സിബിഗ, പ്രതിരോധ മന്ത്രി റുസ്തം അമിറോവ് എന്നിവര്‍ ഉക്രൈന്‍ സംഘത്തിലുണ്ട്.
റഷ്യ, ഉക്രൈന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്നു വര്‍ഷമായി ശ്രമങ്ങള്‍ തുടരുന്ന സൗദി അറേബ്യ ഇക്കാര്യത്തില്‍ നിരവധി യോഗങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റില്‍ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാഅദ് അല്‍ഈബാന്റെ അധ്യക്ഷതയില്‍ വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെയും, നാല്‍പതിലേറെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളുടെയും യോഗം ജിദ്ദയില്‍ സംഘടിപ്പിച്ചിരുന്നു. ഉക്രൈന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ ഉക്രൈന് മാനുഷിക സഹായം നല്‍കാനും സൗദി അറേബ്യ മുന്നോട്ടുവന്നിട്ടുണ്ട്. ഉക്രൈന് 41 കോടി ഡോളറിന്റെ സഹായ പാക്കേജ് നല്‍കാന്‍ സൗദി ഭരണാധികാരികള്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ വഴി 10 കോടി ഡോളറിന്റെ ദുരിതാശ്വാസ വസ്തുക്കളും ഇന്ധനങ്ങള്‍ക്കുള്ള ഗ്രാന്റായി സൗദി വികസന ഫണ്ടില്‍ നിന്നുള്ള 30 കോടി ഡോളറിന്റെ ഫണ്ടിംഗും ഇതില്‍ ഉള്‍പ്പെടുന്നു.