കുവൈത്ത് സിറ്റി – ഇറാന്‍ ആക്രമണത്തില്‍ രണ്ട് നാവിക സൈനികര്‍ രക്തസാക്ഷിത്വം വരിച്ചതായി കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫ് അറിയിച്ചു. സര്‍ജന്റ് വലീദ് സുലൈമാന്‍, സര്‍ജന്റ് അബ്ദുല്‍ അസീസ് നാസര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സര്‍ജന്റ് വലീദ് സുലൈമാന്‍, സര്‍ജന്റ് അബ്ദുല്‍ അസീസ് നാസര്‍ എന്നിവര്‍ ദേശീയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണ് രക്തസാക്ഷികളായതെന്ന് രണ്ട് വ്യത്യസ്ത പ്രസ്താവനകളില്‍ ജനറല്‍ സ്റ്റാഫ് പറഞ്ഞു.
മിസൈലുകളും ഡ്രോണുകളും തടഞ്ഞതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില അവശിഷ്ടങ്ങള്‍ വീഴുകയും ചെറിയ ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തുവെന്ന് കുവൈത്ത് സൈന്യം വ്യക്തമാക്കി.
ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും കണ്ടെത്തി അവ കൈകാര്യം ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സൗദ് അല്‍അത്വാന്‍ വെളിപ്പെടുത്തി. ഇറാനെതിരായ യു.എസ്, ഇസ്രായില്‍ സൈനിക നടപടി ആരംഭിച്ച ശേഷം ഇറാന്‍ ആക്രമണങ്ങളില്‍ 27 കുവൈത്ത് സൈനികര്‍ക്ക് പരിക്കേറ്റു. നിലവില്‍ അവരുടെ നില ഭദ്രമാണ്. രണ്ട് പേര്‍ ചികിത്സയിലാണ്. സായുധ സേന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സുസജ്ജതയിലാണെന്നും 24 മണിക്കൂറും ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംഭവവികാസങ്ങള്‍ സൂക്ഷ്മമായും തുടര്‍ച്ചയായും നിരീക്ഷിക്കുന്നുണ്ടെന്നും കേണല്‍ സൗദ് അല്‍അത്വാന്‍ പറഞ്ഞു.
രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ ചില ഓവര്‍ഹെഡ് വൈദ്യുതി ലൈനുകളും ആറാം റിംഗ് റോഡിനോട് ചേര്‍ന്നുള്ള വൈദ്യുതി ലൈനുകും പ്രവര്‍ത്തനരഹിതമാണെന്ന് കുവൈത്ത് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. ഇത് വൈദ്യുതി ഗ്രിഡില്‍ താല്‍ക്കാലിക തടസ്സത്തിനും ഏതാനും പ്രദേശങ്ങളില്‍ ഭാഗികമായി വൈദ്യുതി തടസ്സത്തിനും കാരണമായി.



