ജിദ്ദ – ഉത്തര ജിദ്ദയിലെ അല്‍റൗദ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന സൂഖുദ്ദൗലിയില്‍ ഇന്നുണ്ടായ വന്‍ അഗ്നിബാധയില്‍ രണ്ടു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ വീരമൃത്യുവരിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സിനു കീഴിലെ 20 സംഘങ്ങള്‍ അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു. മക്കയില്‍ നിന്നുള്ള രണ്ടു സിവില്‍ ഡിഫന്‍സ് യൂനിറ്റുകളുടെ സഹായവും തേടി. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച അഗ്നിബാധ ഏറെക്കുറെ പൂര്‍ണമായും അണക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചു. തീപ്പിടിത്തമുണ്ടായ പ്രദേശങ്ങള്‍ വെള്ളം പമ്പ് ചെയ്ത് തണുപ്പിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടത്തുന്നത്.
സൂഖ് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ട്രാഫിക് പോലീസ്, പട്രോള്‍ പോലീസ് അടക്കമുള്ള വകുപ്പുകള്‍ സിവില്‍ ഡിഫന്‍സിനൊപ്പം അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. സൂഖുദ്ദൗലിക്കു സമീപമുള്ള മുഴുവന്‍ റോഡുകളും അടച്ച് സിവില്‍ ഡിഫന്‍സിനു കീഴിലെ വാട്ടര്‍ ടാങ്കറുകളുടെ സഞ്ചാരം സുഗമമാക്കിയിരുന്നു.
സൂഖില്‍ നിന്ന് ആകാശം മുട്ടെ ഉയര്‍ന്ന പുകപടലങ്ങള്‍ ഏറെ ദൂരെ നിന്നു വരെ കാണാമായിരുന്നു. 41 വര്‍ഷം മുമ്പ് നിര്‍മിച്ച ജിദ്ദ സൂഖുദ്ദൗലി സൗദിയിലെ ഏറ്റവും പഴയ സൂഖുകളില്‍ ഒന്നാണ്. ഇരുനൂറോളം വ്യാപാര സ്ഥാപനങ്ങളാണ് സൂഖിലുള്ളത്. വെള്ളച്ചാട്ടങ്ങളും ജലധാരകളും അവയില്‍ നീന്തുന്ന ആമക്കുട്ടികളും സൂഖില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സവിശേഷതകളാണ്.