ജിദ്ദ – സൗദികളെ ബദുക്കള്‍ (മരുഭൂവാസികളായ നാടോടികള്‍) എന്ന് വിശേഷിക്കുന്നവര്‍ക്ക് സൗദി അറേബ്യ കൈവരിച്ച അസൂയാവഹമായ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖിന്റെ മറുപടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വ്യത്യസ്ത മേഖലകളില്‍ അതുല്യമായ നിരവധി നേട്ടങ്ങള്‍ സൗദി അറേബ്യ കൈവരിച്ചു.
ലോകത്ത് ഏറ്റവും സ്ഥിരതയുള്ള രാജ്യം, ഏറ്റവും സുരക്ഷിതമായ രാജ്യം, ഏറ്റവും മികച്ച നാഗരികത, ഗംഭീരമായ വാസ്തുവിദ്യ, കൂടുതല്‍ മികവ് കൈവരിക്കാന്‍ കാലത്തോടുള്ള മത്സരം, സൗജന്യ വിദ്യാഭ്യാസം, ലോകത്തെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗിലുള്ള സര്‍വകാലാശാലകള്‍, ഏതാണ്ട് ഇല്ലാതായ നിരക്ഷരത, അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ പ്രശസ്തമായ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ബിരുദം നേടിയ പതിനായിരങ്ങള്‍ ഇവയെല്ലാം സൗദി അറേബ്യയുടെ നേട്ടങ്ങളാണ്. എണ്‍പതു വയസിനു മുകളിലുള്ളവര്‍ക്കിടയില്‍ ഒഴികെ രാജ്യത്ത് നിരക്ഷരതയില്ല, എണ്‍പതു കഴിഞ്ഞവര്‍ക്കിടയില്‍ തന്നെ സാക്ഷരത ഒരു ശതമാനത്തില്‍ കുറവാണ്.
സൗജന്യ ചികിത്സകളും ആരോഗ്യ പരിചരണങ്ങളും, ലോകത്തെ ഏറ്റവും മികച്ച ആശുപത്രികള്‍, ലോകത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ, ദശകങ്ങളായി ഡോളറുമായുള്ള വിനിമയത്തില്‍ സൗദി കറന്‍സിയുടെ സ്ഥിരമൂല്യം, ശക്തമായ സാമ്പത്തിക വ്യവസ്ഥ, ആഗോള തലത്തില്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, സ്വദേശികളുടെ ഉയര്‍ന്ന ജീവിത നിലവാരം, കായിക വിനോദ, സാംസ്‌കാരിക, കലാ മേഖലകളിലെ പുരോഗതി, ഈ മേഖലകളില്‍ ലോകകേന്ദ്രമാകല്‍, ലോകകപ്പ്, എക്‌സ്‌പോ സംഘാടന ചുമതലകള്‍ വഹിക്കല്‍ എന്നിവയും പ്രത്യേകം എടുത്തുപറയേണ്ട നേട്ടങ്ങളാണ്.
ലോകത്ത് സമാനതകളില്ലാത്ത നിലക്ക് വന്‍കിട പദ്ധതികളും പുതിയ നഗരങ്ങളും നടപ്പാക്കല്‍, പെട്രോള്‍, ഗ്യാസ് മേഖലയില്‍ ലോകത്തെ ഊര്‍ജ കേന്ദ്രം, ലോകത്തെ ഏറ്റവും പ്രാധാനപ്പെട്ട പരമാധികാര (സോവറീന്‍) ഫണ്ട്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലീഗുകളില്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ സ്വന്തമാക്കല്‍, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍ഫ്, ബോക്‌സിംഗ്, ഫൈറ്റിംഗ് ഗെയിം ഇവന്റുകള്‍ സംഘടിപ്പിക്കല്‍, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇ-ഗെയിം കമ്പനികള്‍ സ്വന്തമാക്കല്‍, ഇ-ഗെയിം മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കല്‍ എന്നിവയും സൗദി അറേബ്യയുടെ നേട്ടങ്ങളില്‍ ചിലതാണ്.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങള്‍, ഏറ്റവും മികച്ച വിമാന കമ്പനികള്‍, ഏറ്റവും പ്രധാനപ്പെട്ടതും വികസിതവുമായ തുറമുഖങ്ങള്‍, ചരിത്രം, നാഗരികത, പുരാവസ്തുക്കള്‍, പ്രകൃതി, ദ്വീപുകള്‍, റിസോര്‍ട്ടുകള്‍, ഏറ്റവും ശക്തമായ ടെലികോം നെറ്റ്‌വര്‍ക്കുകള്‍, ഏറ്റവും വേഗം കൂടിയ ഇന്റര്‍നെറ്റ്, ഔദാര്യം, ധൈര്യം, വിശ്വസ്ത എന്നീ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളുള്ള നല്ല മനുഷ്യര്‍ ഇവയെല്ലാം സൗദി അറേബ്യയുടെ സവിശേഷതകളാണ്. ഒടുവില്‍, അസൂയാലുക്കളായ ഒരാള്‍ നിങ്ങളുടെ അടുത്ത് വന്ന് പറയുന്നു നിങ്ങള്‍ ബദുവാണെന്ന്. ‘ലോകം മുഴുവന്‍ ബദുക്കളായിരുന്നെങ്കില്‍’ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ പറയുന്നതെന്നും തുര്‍ക്കി ആലുശൈഖ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.