റെഡ്ബുൾ അരീന(ജർമനി)- പച്ചപ്പുൽ മൈതാനങ്ങളെ തീപ്പിടിപ്പിച്ച് എന്നത് ഫുട്ബോൾ വിവരണത്തിലെ പതിവു സംബോധയാണ്. എന്നാൽ ഇന്ന് തുർക്കിയും ഓസ്ട്രിയയും അക്ഷരാർത്ഥത്തിൽ പച്ചപ്പുൽ മൈതാനത്തിൽ തീ പടർത്തി. ആദ്യ ടച്ചിൽ തുടങ്ങിയ ആവേശം. അവസാന വിസിൽ മുഴങ്ങുന്നത് വരെ അണയാതെ നിന്നു. മൈതാനത്തുനിന്ന് പടർന്ന തീ ഗ്യാലറികളിലും കളി കാത്തിരുന്നുവരിലുമെല്ലാം കെടാതെ കത്തി.
ഈ യൂറോ കപ്പിലെ ഏറ്റവും വാശിയേറിയ മത്സരമാണ് ഇന്ന് ജർമ്മനിയിലെ റെഡ്ബുൾ അരീനയിൽ തുർക്കിയും ഓസ്ട്രിയയും കാഴ്ചവെച്ചത്. ഫുട്ബോൾ ആരാധകർ കണ്ണെടുക്കാതെ കണ്ട അതീവവിസ്മയം. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുർക്കി ജയിച്ചെങ്കിലും വിജയത്തിന് സമാനമായ പോരാട്ടമാണ് ഓസ്ട്രിയയും കാഴ്ചവെച്ചത്. മത്സരം അവസാനിക്കാതിരുന്നെങ്കിലെന്ന് ഫുട്ബോൾ ആരാധകർ അടക്കം പറഞ്ഞ മത്സരം കൂടിയായിരുന്നു ഇന്നത്തേത്.
യൂറോ കപ്പ് ഫുട്ബോളിൽ ഇന്ന് ഇരട്ടഗോളുകളുടെ ദിനമായിരുന്നു. ആദ്യത്തെ പ്രീക്വാർട്ടറിൽ നെതർലാന്റ് താരം രണ്ടു ഗോളുകൾ നേടിയതിന് പിന്നാലെ ഇന്ന് നടന്ന രണ്ടാമത്തെ പ്രീ ക്വാർട്ടറിൽ തുർക്കി താരവും ഇരട്ട ഗോൾ നേടി. ഈ ഗോളുകളാണ് തുർക്കിയുടെ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്.
കിക്ക് ഓഫ് വിസിൽ മുഴങ്ങിയ ഉടൻ തുർക്കി ശക്തമായ മത്സരവുമായി കളം നിറഞ്ഞു. ഇതിന്റെ ഫലമായി ആദ്യ മിനിറ്റിൽതന്നെ അനുകൂലമായ കോർണർ ലഭിച്ചു. കോർണർ ക്ലിയർ ചെയ്യുന്നതിൽ ഓസ്ട്രിയൻ പ്രതിരോധ നിരക്ക് സംഭവിച്ച പിഴവിൽനിന്ന് ആദ്യ ഗോൾ പിറന്നു. മത്സരത്തിന്റെ അൻപത്തിയെട്ടാമത്തെ സെക്കന്റിലായിരുന്നു ഈ ഗോൾ പിറന്നത്. മെറിഹ് ഡിമെറിയൽ നേടിയ ഈ ഗോൾ യൂറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളാണ്. ഗോളിലൂടെ ഡിമെറിയൻ യൂറോയുടെ ചരിത്രത്തിൽ ഇടംനേടി. ഗോൾ വീണതോടെ ഓസ്ട്രിയയും ആക്രമണം ശക്തമാക്കി. അഞ്ചാമത്തെ മിനിറ്റിൽ ഓസ്ട്രിയയുടെ പന്ത് തുർക്കി ഗോൾ പോസ്റ്റിനെ തൊട്ടുരുമി കടന്നുപോയി.
ഈ യൂറോ കപ്പ് എഡിഷനിലെ ഏറ്റവും ആവേശകരമായ തുടക്കങ്ങളിലൊന്നാണ് ഇന്ന് ഇരുടീമുകളും കാഴ്ചവെച്ചത്. തുർക്കിയുടെ മികച്ച തുടക്കത്തെ അതേ രീതിയിലുള്ള ആക്രമണം അഴിച്ചുവിട്ട് ഓസ്ട്രിയ തിരിച്ചടിച്ചു.
ആദ്യപകുതി അവസാനിച്ചുവെന്ന് അറിയിച്ച് വിസിൽ മുഴങ്ങിയപ്പോൾ തുർക്കി തന്നെ മുന്നിൽ. രണ്ടാം പകുതി പക്ഷെ തുടങ്ങിയത് വർധിത ആവേശത്തോടെയായിരുന്നു. മത്സരം തീരുന്ന അവസാന നിമിഷങ്ങൾക്ക് സമാനമായ പോരാട്ടം.
തുർക്കി നേരത്തെ ഗോൾ നേടിയെങ്കിലും ഓസ്ട്രിയ ചില അസാമാന്യ നീക്കങ്ങൾ നടത്തിയിരുന്നു. ഫിനിഷിംഗിൽ വന്ന പിഴവുകൾ വിജയം സമ്മാനിച്ചില്ലെന്ന് മാത്രം. ഏതു നിമിഷവും ഗോൾ പിറന്നേക്കാമെന്ന അവസ്ഥയിലായിരുന്നു മത്സരം.
ഓസ്ട്രിയ വീണ്ടും ഗോൾ നേടാനുള്ള നീക്കം നടത്തുന്നതിനിടെ 59-മത്തെ മിനിറ്റിൽ തുർക്കി വീണ്ടും ഗോൾ നേടി. കോർണറിൽനിന്നായിരുന്നു ഈ ഗോൾ. പോസ്റ്റിലേക്ക് വന്ന പന്തിലേക്ക് ഉയർന്നു ചാടി ഡെമിറലിന്റെ ഹെഡറിലൂടെ തുർക്കി വീണ്ടു മുന്നിലെത്തി.
അറുപത്തിയാറാമത്തെ മിനിറ്റിൽ ഓസ്ട്രിയ ഒരു ഗോൾ തിരിച്ചടിച്ചു. ബോക്സിന്റെ മധ്യഭാഗത്തുനിന്ന് ലഭിച്ച പന്ത് മിഷേൽ ഗ്രിഗോറിറ്റ്‌ച് ഗോളാക്കി. പിന്നീട് ഗോൾ പോസ്റ്റിന് മുന്നിൽ വൻ പ്രതിരോധം തീർത്ത് തുർക്കി ഗോൾ വീഴാതെ കാത്തു. മത്സരത്തിന്റെ ഇൻജുറി ടൈമിൽ ഗോളെന്നുറപ്പിച്ച ഷോട്ട് തുർക്കി ഗോൾ കീപ്പർ പറന്നകറ്റിയിരുന്നില്ലെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു.