കൊച്ചി– കോതമംഗലത്ത് ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേർക്കാൻ ഒരുങ്ങി പോലീസ്. റമീസിന്റെ മാതാപിതാക്കൾ ഇപ്പോൾ ഒളിവിലാണ്. എന്നാൽ, ഇവർ എവിടെയാണെന്ന് അറിയാമെന്നും അറസ്റ്റ് ചെയ്ത ഉടൻ തന്നെ പ്രതി ചേർക്കുമെന്നും പോലീസ് അറിയിച്ചു. റമീസിന്റെ പിതാവ് റഹീമിനെ രണ്ടാം പ്രതിയായും മാതാവ് ഷെരീഫയെ മൂന്നാം പ്രതിയായുമാണ് ചേർക്കുക. ഇവർക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തും.
തന്നെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതിൽ റമീസിനൊപ്പം മാതാപിതാക്കൾക്ക് പങ്കുണ്ടെന്ന് സോന ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. മാതാപിതാക്കൾക്ക് പുറമെ റമീസിന്റെ കൂട്ടുകാർക്കും ഇതിൽ പങ്കുണ്ടെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിനെയും പ്രതി ചേർക്കുമെന്നാണ് വിവരം. മതം മാറാൻ സമ്മതിച്ചിട്ടും മാതാപിതാക്കളടക്കം ക്രൂരതയോടെയാണ് തന്നോട് പെരുമാറിയത് എന്നും കത്തിലുണ്ട്. റമീസ് ഉപദ്രവിച്ചപ്പോൾ മാതാപിതാക്കളും സുഹൃത്തുക്കളും തടഞ്ഞില്ലെന്നും സോന കത്തിൽ സൂചിപ്പിച്ചിരുന്നു.