വാഷിംഗ്ടൺ – ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയെയും ഇസ്രായേലിനെയും വേണ്ടത്ര പിന്തുണയ്ക്കാത്ത നാറ്റോ അംഗരാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ സൈനിക നീക്കങ്ങളോട് നിസ്സഹകരിച്ച രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാനാണ് ട്രംപിന്റെ പദ്ധതിയെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ പിൻവലിക്കുന്ന സൈനികരെ അമേരിക്കയ്ക്ക് കൂടുതൽ പിന്തുണ നൽകുന്ന രാജ്യങ്ങളിൽ വിന്യസിക്കാനാണ് ആലോചന. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നാറ്റോ സഖ്യം പരാജയപ്പെട്ടുവെന്നാണ് ട്രംപിന്റെ വിലയിരുത്തലെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് ട്രംപിന്റെ ഈ ഭീഷണി പുറത്തുവന്നത്. 32 രാജ്യങ്ങൾ ഉൾപ്പെടുന്ന ഈ സഖ്യത്തിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപ് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെതിരായ സൈനിക നടപടികളിൽ യൂറോപ്യൻ രാജ്യങ്ങളുടെ സഹകരണം തീരെ പോരാ എന്നാണ് ട്രംപിന്റെ വാദം. ഈ തർക്കം നിലവിൽ ഉക്രെയ്ൻ പ്രശ്നം, സൈനിക ചെലവുകൾ തുടങ്ങിയ മറ്റ് വിഷയങ്ങളിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള അകൽച്ച വർദ്ധിപ്പിച്ചിരിക്കുകയാണ്.
അമേരിക്കൻ ഭരണകൂടം സഖ്യത്തോട് ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ചില ഉദ്യോഗസ്ഥർ യൂറോപ്യൻ രാജ്യങ്ങൾക്ക് സ്വകാര്യമായി ഉറപ്പ് നൽകുന്നുണ്ടെങ്കിലും ആശങ്കകൾ വിട്ടുമാറുന്നില്ല. നാറ്റോ സഖ്യത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിർണ്ണായകമായ ഘട്ടമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സഖ്യത്തിനെതിരെയുള്ള വിമർശനങ്ങൾ കുറയ്ക്കാൻ മാർക്ക് റുട്ട് ട്രംപിനെ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. പ്രതിരോധ ആവശ്യങ്ങൾക്കായി യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ ബജറ്റ് വർദ്ധിപ്പിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി ട്രംപിനെ അനുനയിപ്പിക്കാനായിരിക്കും അദ്ദേഹം ശ്രമിക്കുക.



