വാഷിംഗ്ടണ്‍ -ഉക്രെയ്‌നിന് നൽകിവരുന്ന ആയുധങ്ങൾ നിർത്തലാക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനാണ് ട്രംപിന്റെ ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഉക്രെയ്‌നിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന നാറ്റോ (NATO) സംരംഭത്തിൽ നിന്നുള്ള വിതരണം നിർത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ഇറാനുമായുള്ള യുദ്ധത്തിൽ സഹകരിക്കാത്ത പക്ഷം നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും, നാറ്റോ ഒരു ‘കടലാസ് കടുവ’ മാത്രമാണെന്നും ട്രംപ് പരിഹസിച്ചു.
ഈ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായും ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായും ചർച്ചകൾ നടത്തി. ഉക്രെയ്‌നിന്റെ പരമാധികാരത്തിന് തങ്ങളുടെ പിന്തുണ തുടരുമെന്നും അവിടുത്തെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങൾ തന്നെയാണെന്നും ഇവർ ആവർത്തിച്ചു. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കേണ്ടത് ആഗോള വ്യാപാരത്തിന് അത്യാവശ്യമാണെന്നും ഇതിനായി എല്ലാ രാജ്യങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങൾ യുഎസ് ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ജർമ്മൻ ചാൻസലറെ ധരിപ്പിച്ചു.
ഹുർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നേരിട്ടുള്ള സൈനിക ഇടപെടലിന് താല്പര്യമില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്നാണ് ലോകത്തെ ഇന്ധന നീക്കത്തിന്റെ വലിയൊരു ഭാഗം നടക്കുന്ന ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. ഇതേത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. റഷ്യക്കെതിരായ ഉപരോധങ്ങൾ തുടരണമെന്നും ഉക്രെയ്ൻ വിഷയത്തിൽ സമാധാന ചർച്ചകൾ വേണമെന്നുമാണ് യൂറോപ്യൻ നേതാക്കളുടെ നിലപാട്.



