വാഷിംഗ്ടണ്‍ – ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഉക്രൈന്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുട്ടിനുമായി സൗദിയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കുമെന്നും ട്രംപ് പറഞ്ഞു. അതിവിദൂരമല്ലാത്ത ഭാവിയില്‍ ഉക്രൈനില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകും. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈനില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.
ലോകശക്തികളുടെ കാഴ്ചപ്പാടുകള്‍ തമ്മില്‍ കൂടുതല്‍ അടുപ്പിക്കാന്‍ സൗദി അറേബ്യ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ട്രംപ് നേരത്തെ പ്രശംസിച്ചിരുന്നു. ഉക്രൈന്‍ യുദ്ധത്തിന് അന്ത്യം കാണാന്‍ ശ്രമിച്ച് ട്രംപും പുട്ടിനും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയിലെ സൗദി കിരീടാവകാശിയുടെ സാന്നിധ്യം രാജ്യാന്തര തലത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രാധാന്യമുള്ള രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയുടെ പ്രധാന പങ്കിനെ പ്രതിഫലിപ്പിക്കുന്നതായി അറബ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സൗദി അറേബ്യയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ റഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം രാജ്യാന്തര രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ മുന്‍നിര രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനത്തിന് വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരമാണ് വ്യക്തമാക്കുന്നത്. വിവേകവും സ്വാധീനിക്കാനുള്ള കഴിവും സംയോജിപ്പിക്കുന്ന നയതന്ത്ര തന്ത്രത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര സ്ഥിരതയെ പിന്തുണക്കുന്നതില്‍ സൗദി അറേബ്യ എല്ലായ്‌പ്പോഴും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളുമായുള്ള സന്തുലിത നയങ്ങളിലൂടെയും തന്ത്രപരമായ ബന്ധങ്ങളിലൂടെയും രാജ്യാന്തര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഫലപ്രദമായ മധ്യസ്ഥത വഹിക്കുന്ന സ്ഥാനം സൗദി അറേബ്യ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അറബ് വൃത്തങ്ങള്‍ പറഞ്ഞു.
ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. നാറ്റോയില്‍ ഉക്രൈന് അംഗത്വം നല്‍കുന്നത് പ്രായോഗികമല്ലെന്ന് ട്രംപ് പറഞ്ഞു. ഉക്രൈന്‍ നാറ്റോ അംഗത്വത്തിന് ശ്രമിക്കുന്നതാണ് റഷ്യ, ഉക്രൈന്‍ യുദ്ധത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം ഉക്രൈനില്‍ സമാധാനം സ്ഥാപിക്കാനുള്ള സാധ്യതകളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ ചര്‍ച്ച ചെയ്തതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. സമാധാനത്തിലെത്താനുള്ള സാധ്യതകളെ കുറിച്ച് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു.
പുട്ടിനുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ട്രംപ് തന്നോട് പങ്കുവെച്ചു. സുദീര്‍ഘവും വളരെ അര്‍ഥവത്തായതുമായ ചര്‍ച്ചയാണ് ട്രംപുമായി നടത്തിയത്. അമേരിക്കക്ക് റഷ്യയെയും പുട്ടിനെയും സമാധാന പാതയിലേക്ക് നയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സെലന്‍സ്‌കി പറഞ്ഞു.
ഉക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്താന്‍ താന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എന്ന് ട്രംപ് സെലെന്‍സ്‌കിയോട് പറഞ്ഞതായി ഉക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്ന കരാറുണ്ടാക്കാന്‍ അമേരിക്കയുടെയും ഉക്രൈന്റെയും വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ വൈകാതെ ശ്രമങ്ങള്‍ ആരംഭിക്കും. സെലെന്‍സ്‌കിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും ഇതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചുവരികയാണെന്നും ആന്‍ഡ്രി യെര്‍മാക് പറഞ്ഞു. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുന്നതിനെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി സംസാരിച്ചതായി ട്രംപ് പറഞ്ഞു. പുട്ടിനും ട്രംപും ഏകദേശം ഒന്നര മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായും കൂടിക്കാഴ്ചക്ക് സമ്മതിച്ചതായും ക്രെംലിന്‍ പറഞ്ഞു.