മിയാമി – നാറ്റോ സഖ്യത്തിന് നൽകിവരുന്ന പിന്തുണ അമേരിക്ക പുനഃപരിശോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിയാമിയിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നാറ്റോയെ ഒരു ‘കടലാസ് പുലി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സഖ്യത്തോടൊപ്പം ഇനി നിൽക്കാൻ അമേരിക്ക ബാധ്യസ്ഥമല്ലെന്നും കൂട്ടിച്ചേർത്തു. നാറ്റോയെ പിന്തുണയ്ക്കാൻ അമേരിക്ക എപ്പോഴും സന്നദ്ധമായിരുന്നുവെങ്കിലും, നിർണ്ണായക ഘട്ടങ്ങളിൽ സഖ്യം വിട്ടുനിന്നത് ഈ പ്രതിബദ്ധതയെ പുനർചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ നിന്നുള്ള നാറ്റോയുടെ വിട്ടുനിൽക്കൽ സഖ്യവുമായുള്ള ബന്ധം പുനർനിർണ്ണയിക്കാനുള്ള പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. സഖ്യരാജ്യങ്ങളുടെ സംരക്ഷണത്തിനായി പ്രതിവർഷം നൂറുകണക്കിന് ബില്യൺ ഡോളറാണ് അമേരിക്ക ചെലവഴിക്കുന്നത്. പുതിയ സമീപനത്തിലൂടെ ഗണ്യമായ സാമ്പത്തിക ലാഭം നേടാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും ഭാവിയിൽ ഈ സാമ്പത്തിക പിന്തുണ കുറയ്ക്കുമെന്നും ട്രംപ് സൂചന നൽകി.
ഇറാനുമായുള്ള യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ യൂറോപ്യൻ നാറ്റോ രാജ്യങ്ങൾ അമേരിക്കയ്ക്ക് ഭൗതിക പിന്തുണ നൽകാൻ വിസമ്മതിച്ചതിൽ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. അവർ നമുക്കൊപ്പം ഇല്ലെങ്കിൽ നമ്മൾ എന്തിനാണ് അവർക്കായി നിലകൊള്ളുന്നത് എന്ന് അദ്ദേഹം ചോദിച്ചു. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ, വെനിസ്വേലയിൽ ചെയ്തതുപോലെ ഇറാന്റെ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് ഒരു ഓപ്ഷനായി പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. സമാധാന കരാർ ഉണ്ടാക്കണമെങ്കിൽ ഇറാൻ ഹുർമുസ് കടലിടുക്ക് എണ്ണ ഗതാഗതത്തിനായി തുറന്നു നൽകണം. ഒരു മാസം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും കരാറിന് ഇറാൻ തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇറാന്റെ നാവിക-വ്യോമ സേനകൾക്കും ആണവ പദ്ധതികൾക്കും ഇതിനകം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി നടത്തുന്ന ശ്രമങ്ങളിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും യു.എ.ഇ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ നേതാക്കളെയും പ്രസിഡന്റ് ട്രംപ് പ്രശംസിച്ചു. മുഹമ്മദ് ബിൻ സൽമാനെ ‘മഹാനായ മനുഷ്യൻ’ എന്നും തന്റെ അടുത്ത സുഹൃത്ത് എന്നും വിശേഷിപ്പിച്ച അദ്ദേഹം, സൗദി അറേബ്യ തങ്ങളുടെ കിരീടാവകാശിയെ ഓർത്ത് അഭിമാനിക്കണമെന്നും പറഞ്ഞു.



