വാഷിംഗ്ടൺ – ഇറാനുമായുള്ള കരാർ സാധ്യമായാലും ഇല്ലെങ്കിലും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ അമേരിക്ക അടിയന്തരമായി ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്ഥാനിൽ വെച്ച് നടക്കുന്ന ചർച്ചകളിൽ അമേരിക്കൻ പ്രതിനിധി സംഘം വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും, ചർച്ചകളുടെ ഫലം കണ്ടശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹുർമുസ് കടലിടുക്ക് തുറക്കാൻ പ്ലാൻ ബി-യുടെ ആവശ്യമില്ലെന്നും ഇറാന്റെ സൈനിക ശേഷി അമേരിക്ക ഫലത്തിൽ തകർത്തുകഴിഞ്ഞെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്ന് ഉറപ്പാക്കാനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാന പാതയായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണമൊഴിച്ചാൽ ചർച്ചകളിൽ ഇറാന്റെ പക്കൽ മറ്റ് തുറുപ്പുചീട്ടുകൾ ഒന്നുമില്ലെന്ന് ട്രംപ് പരിഹസിച്ചു. അന്താരാഷ്ട്ര ജലപാതകൾ തടഞ്ഞുകൊണ്ട് ലോകത്തെ ബ്ലാക്ക്മെയിൽ ചെയ്യുക എന്നതല്ലാതെ മറ്റൊരു മാർഗവും അവർക്ക് മുന്നിലില്ല. ഇറാനികൾ ചർച്ചകൾക്ക് തയ്യാറാകുന്നത് അവർക്ക് മുന്നിലുള്ള ഒരേയൊരു അതിജീവന മാർഗമാണെന്നും, യുദ്ധം ചെയ്യുന്നതിനേക്കാൾ വ്യാജ വാർത്താ മാധ്യമങ്ങളെയും പബ്ലിക് റിലേഷൻസിനെയും കൈകാര്യം ചെയ്യുന്നതിലാണ് അവർക്ക് മികവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നിലവിൽ പാകിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചകളുടെ പ്രധാന വിഷയം ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ്. രണ്ടാഴ്ചത്തെ വെടിനിർത്തലിന് ശേഷം ജലപാത തുറക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചിരുന്നെങ്കിലും, ഇറാന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ മിക്ക കപ്പലുകളും ഈ വഴിയിലൂടെ പോകാൻ ഭയപ്പെടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എണ്ണ നീക്കവുമായി ബന്ധപ്പെട്ട് ഇറാൻ കാണിക്കുന്ന മോശം സമീപനം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ ആക്രമിക്കാൻ യുദ്ധക്കപ്പലുകൾ വീണ്ടും സജ്ജമാക്കുകയാണെന്ന് വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും അത്യാധുനികമായ ആയുധങ്ങൾ കപ്പലുകളിൽ നിറയ്ക്കുകയാണെന്നും കരാർ നടന്നില്ലെങ്കിൽ അവ അതിശക്തമായി പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.



