വാഷിംഗ്ടണ്‍ – അമേരിക്കക്ക് ഇറാനെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള പ്രധാന സൈനിക ഓപ്പറേഷന്റെ അപകടസാധ്യതകളെ കുറിച്ച് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് നിഷേധിച്ചു. ഏത് സംഘര്‍ഷത്തിലും അമേരിക്കക്ക് ഇറാനെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിയും.നമ്മളെയെല്ലാം പോലെ, ജനറല്‍ ഡാന്‍ കീനും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ ഇറാനെതിരെ സൈനിക നടപടിയെടുക്കാന്‍ തീരുമാനിച്ചാല്‍, അത് എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുന്ന ഒന്നാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു – തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ ട്രംപ് പ്രസ്താവിച്ചു. ഇറാനുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്നത് താനാണ്. ആണവ പ്രശ്‌നത്തില്‍ കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാന്‍ വളരെ മോശം ദിവസം നേരിടേണ്ടിവരും. ഇറാനുമായി കരാറിലെത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ബദല്‍ വളരെ മോശമാണെന്നും ട്രംപ് പറഞ്ഞു.
ഇറാനെതിരായ ഏതൊരു സൈനിക നീക്കവും ഗുരുതരമായ അപകടസാധ്യതകള്‍ക്ക് കാരണമാകുമെന്ന് യു.എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കീന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അറിയിച്ചതായി വിവരമുള്ള സ്രോതസ്സുകള്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇത് നിഷേധിച്ചുകൊണ്ട് ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്. നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെടാനും അമേരിക്കന്‍ സൈനികര്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ജനറല്‍ ഡാന്‍ കീന്‍ യു.എസ് പ്രസിഡന്റിനെ അറിയിച്ചതായാണ് വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ഇത് ട്രംപ് നിഷേധിച്ചു.
പരമാവധി ആഘാതം വരുത്തുകയും അപകടസാധ്യതകള്‍ കുറക്കുകയും ചെയ്യുന്ന തന്ത്രങ്ങള്‍ മെനയാന്‍, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോക്കെതിരായ നടപടിക്ക് സമാനമായി, ഇറാനെ സംബന്ധിച്ച് ലഭ്യമായ ഓപ്ഷനുകള്‍ പഠിക്കാന്‍ ട്രംപ് ചെറിയ ഉപദേശകവൃന്ദം രൂപീകരിച്ചതായി യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പറിനെ ഇറാന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട മീറ്റിംഗുകളിലേക്ക് ക്ഷണിച്ചിട്ടില്ല. ജനുവരി ആദ്യം പ്രതിസന്ധി ആരംഭിച്ചതിനു ശേഷം അദ്ദേഹം പ്രസിഡന്റുമായി സംസാരിച്ചിട്ടില്ലെന്ന് യു.എസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ട്രംപ് ആക്രമണ ഓപ്ഷനിലേക്ക് അടുക്കുകയാണെന്ന് ചില വിലയിരുത്തലുകള്‍ സൂചിപ്പിച്ചെങ്കിലും, നയതന്ത്ര പാതക്ക് മറ്റൊരു അവസരം നല്‍കാന്‍ അദ്ദേഹം സമ്മതിച്ചതായി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് എല്ലാ ഓപ്ഷനുകളും ഉപയോഗിക്കാന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നുവെന്ന് മറ്റൊരു സ്രോതസ്സ് വ്യക്തമാക്കി. ഇറാനുമായുള്ള ഏറ്റുമുട്ടല്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും ഓരോ ഓപ്ഷന്റെയും അനന്തരഫലങ്ങള്‍ എന്തായിരിക്കാമെന്നും ട്രംപ് ഭരണകൂടത്തിന്റെ ഉന്നത തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആണവ പ്രശ്‌നത്തില്‍ കരാറിലെത്താനായി അമേരിക്കയും ഇറാനും തമ്മില്‍ വ്യാഴാഴ്ച പുതിയ റൗണ്ട് ചര്‍ച്ച നടക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാമത്തെ ചര്‍ച്ചയും രണ്ടാം റൗണ്ട് ചര്‍ച്ച പോലെ സ്വിസ് നഗരമായ ജനീവയില്‍ നടക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ റൗണ്ട് ചര്‍ച്ച മസ്‌കത്തിലാണ് നടന്നത്.



