വാഷിംഗ്ടൺ: ഗാസ മുനമ്പ് ഏറ്റെടുക്കുമെന്നും ഫലസ്തീനികളെ അവിടെനിന്ന് പുറത്താക്കുമെന്നും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസുമായുള്ള വെടിനിർത്തൽ സംബന്ധിച്ച നിർണായക ചർച്ചകൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്തീനികൾ യുദ്ധബാധിത പ്രദേശങ്ങളിൽ നിന്ന് ഈജിപ്ത്, ജോർദാൻ തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് മാറണമെന്ന തന്റെ ആഹ്വാനവും ട്രംപ് ആവർത്തിക്കുകയും ചെയ്തു. “ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും, ഞങ്ങളും അത് ഉപയോഗിക്കും. ഞങ്ങൾ അത് സ്വന്തമാക്കും,” ട്രംപ് നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
പൊട്ടിത്തെറിക്കാത്ത ബോംബുകൾ അമേരിക്ക ഇല്ലാതാക്കുമെന്നും പ്രദേശം നിരപ്പാക്കുമെന്നു, തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്നും വ്യക്തമാക്കിയ ട്രംപ്, പ്രദേശത്തെ ജനങ്ങൾക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും വീടുകളും നൽകുന്ന ഒരു സാമ്പത്തിക വികസനം സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ രണ്ട് ദശലക്ഷം നിവാസികൾ മാനുഷിക ഹൃദയങ്ങളുള്ള മറ്റ് താൽപ്പര്യമുള്ള രാജ്യങ്ങളിലേക്ക് പോകണമെന്നും ട്രംപ് പറഞ്ഞു. ഇസ്രായേലിന് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്ന് എന്ന് നെതന്യാഹു പ്രശംസിച്ചു. യുഎസ് പ്രസിഡന്റിന്റെ ഗാസ പദ്ധതിക്ക് ചരിത്രം മാറ്റാൻ കഴിയുമെന്നും അത് ശ്രദ്ധിക്കേണ്ടതാണെന്നും നെതന്യാഹു പറഞ്ഞു.
ഫലസ്തീനികളെ ഗാസയിൽ നിന്ന് മാറ്റണമെന്ന ട്രംപിന്റെ നിർദ്ദേശം ഈജിപ്തും ജോർദാനും നിരസിച്ചു. ട്രംപിന്റെ ആശയത്തെ ഗാസ നിവാസികളും അപലപിച്ചു. “ഗാസ ഒരു മാലിന്യക്കൂമ്പാരമാണെന്ന് ട്രംപ് കരുതുന്നു – തീർച്ചയായും അല്ല,” തെക്കൻ നഗരമായ റാഫയിൽ താമസിക്കുന്ന 34 കാരനായ ഹതീം അസം പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ രണ്ടു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
റാമല്ല – വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തയാസിര്‍ ചെക്ക്പോസ്റ്റിലുണ്ടായ ആക്രമണത്തില്‍ രണ്ട് റിസര്‍വ് സൈനികര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ റിസര്‍വ് ബറ്റാലിയനിലെ കമ്പനി കമാന്‍ഡറായ ഓഫര്‍ യോംഗ് ആണെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലപ്പെട്ട രണ്ടാമത്തെ സൈനികന്റെ പേരുവിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെ വടക്കന്‍ വെസ്റ്റ് ബാങ്കില്‍ നടന്ന വെടിവെപ്പില്‍ ആയുധധാരിയെ വധിച്ചതായും സൈന്യം അറിയിച്ചു. ജെനിനിന് കിഴക്കുള്ള തയാസിറിലെ സൈനിക ചെക്ക്പോയിന്റിന് സമീപം ഫലസ്തീനി ആയുധധാരി സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഇയാളെ സൈനികര്‍ പ്രത്യാക്രമണത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ജെനിന്‍ നഗരത്തിലും സായുധ ഫലസ്തീന്‍ ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ജെനിനിലെ അഭയാര്‍ഥി ക്യാമ്പിലും ജനുവരി 21 ന് ഇസ്രായില്‍ സൈന്യം വലിയ തോതിലുള്ള സൈനിക നടപടിക്ക് തുടക്കം കുറിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം സമീപത്തെ തുല്‍കര്‍മിലും സൈനിക നടപടി ആരംഭിച്ചതായി സൈന്യം അറിയിച്ചു. ജെനിനില്‍ സൈനിക ഓപ്പറേഷനിലൂടെ 50 ഫലസ്തീന്‍ പോരാളികളെയങ്കിലും വധിച്ചതായി ഞായറാഴ്ച ഇസ്രായില്‍ സൈന്യം അറിയിച്ചു. ജെനിനില്‍ ഇസ്രായിലി സൈന്യം കെട്ടിടങ്ങള്‍ ക്രൂരമായി നശിപ്പിച്ചതിനെ ഫലസ്തീന്‍ വിദേശ മന്ത്രാലയം അപലപിച്ചു.
2023 ഒക്‌ടോബര്‍ ഏഴിന് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം വെസ്റ്റ് ബാങ്കിലും അക്രമങ്ങള്‍ വര്‍ധിച്ചു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗാസ യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യവും ജൂതകുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 884 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവില്‍ പ്രദേശത്ത് ഇസ്രായില്‍ സൈന്യവുമായി ഫലസ്തീനികള്‍ നടത്തിയ ഏറ്റുമുട്ടലുകളിലും ഫലസ്തീനികള്‍ നടത്തിയ ആക്രമണങ്ങളിലും ഏതാനും സൈനികര്‍ അടക്കം 30 ഇസ്രായിലികള്‍ കൊല്ലപ്പെട്ടതായി ഇസ്രായിലിന്റെ ഔദ്യോഗിക കണക്കുകളും സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നടപടികളുടെ അഭാവം വെസ്റ്റ് ബാങ്കില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇസ്രായിലിനെ പ്രോത്സാഹിപ്പിക്കുന്നതായി ഫലസ്തീന്‍ വിദേശ മന്ത്രാലയം പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം മൗനം വെടിഞ്ഞ് നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായും വിദേശ മന്ത്രാലയം പറഞ്ഞു. അതിനിടെ, ഗാസയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ഫലസ്തീന്‍ മന്ത്രിസഭ ഇന്ന് അറിയിച്ചു. ഗാസയിലെ അധികാരം ഹമാസ് ഉപേക്ഷിക്കുകയും ഭരണം ഫലസ്തീന്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്ത് ഗാസ പുനര്‍നിര്‍മാണം ആരംഭിക്കണമെന്ന് ഫലസ്തീന്‍ ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്ന ഫതഹ് പ്രസ്ഥാനത്തിന്റെ വക്താവ് മുന്ദിര്‍ അല്‍ഹായിക് പറഞ്ഞു.
അതേസമയം, ഗാസയിലെ ഇസ്രായിലി ആക്രമണത്തില്‍ രക്തസാക്ഷികളായ ഫലസ്തീനികളുടെ എണ്ണം 47,540 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളും സ്ത്രീകളും ഗുരുതരാവസ്ഥയിലുള്ളവരും അടക്കം 1,11,618 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയിലെ ആശുപത്രികളില്‍ 22 മൃതദേഹങ്ങള്‍ കൂടി എത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. തകര്‍ന്ന വീടുകളുടെയും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ ആയിരക്കണക്കിന് രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
റിയാദിൽ രണ്ടു മലയാളികൾ കുഴഞ്ഞുവീണു മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ രണ്ടു മലയാളികൾ കുഴഞ്ഞുവീണു മരിച്ചു. പട്ടാമ്പി കൊപ്പം നെടുമ്പ്രക്കാട് അമയൂര്‍ സ്വദേശി ചിരങ്ങാംതൊടി ഹനീഫ(44), കോഴിക്കോട് അടിവാരം അനൂറമാള്‍ അനിക്കത്തൊടിയില്‍ വീട്ടില്‍ വീട്ടില്‍ നൗഫല്‍ (38) എന്നിവരാണ് മരിച്ചത്. സ്‌പോണ്‍സറുടെ വീട്ടില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഹനീഫ കഴിഞ്ഞ ദിവസം കുട്ടികളെ കൊണ്ടുവരാൻ സ്‌കൂളില്‍ പോയ സമയത്ത് പാര്‍ക്കിങ്ങില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഭാര്യ സാജിദ. മക്കള്‍: ഷിബിന്‍, ഷിബില്‍, അനസ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ജുനൈദ് ടിവി താനൂര്‍, നസീര്‍ കണ്ണീരി, ജാഫര്‍ വീമ്പൂര്‍, റസാഖ് പൊന്നാനി എന്നിവര്‍ രംഗത്തുണ്ട്.