തൃശൂർ- മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ കരിനിഴലിലും ആചാരങ്ങൾ മുറതെറ്റിക്കാതെ തൃശൂർ പൂരം. കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് എഴുന്നള്ളിയതോടെ പൂരനഗരം സജീവമായി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്ന് പുറത്തേക്ക് വന്നതോടെയാണ് പൂരത്തിന്റെ പ്രധാന ചടങ്ങുകൾക്ക് തുടക്കമായത്. ആഘോഷങ്ങളിലും ആഡംബരങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഘടകപൂരങ്ങളുടെ വരവോടെ ക്ഷേത്രസന്നിധി മേളമയമായി മാറി. കാരമുക്ക്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങൾ മേളത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ വടക്കുന്നാഥനെ കാണാൻ എത്തും.
പൂരപ്രേമികളുടെ പ്രിയപ്പെട്ട ചടങ്ങുകളിലൊന്നായ മഠത്തിൽവരവ് പഞ്ചവാദ്യം രാവിലെ 11 മണിയോടെ ആരംഭിക്കും. ഇതിനു പിന്നാലെ 11.30-ന് പാറമേക്കാവിൽ ചെമ്പട മേളത്തോടെയുള്ള എഴുന്നള്ളിപ്പ് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇലഞ്ഞിത്തറയിൽ അരങ്ങേറുന്ന പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. വൈകിട്ട് 5.30-ന് തെക്കേ നടയിൽ ലോകപ്രസിദ്ധമായ കുടമാറ്റം നടക്കും. എന്നാൽ സുരക്ഷാ കാരണങ്ങളാൽ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ആചാരപരമായ കാര്യങ്ങൾക്കായി വെടിക്കെട്ട് നടക്കേണ്ട പുലർച്ചെ സമയത്ത് ഇരു വിഭാഗങ്ങളും ഓരോ കതിന മാത്രം മുഴക്കി ചടങ്ങുകൾ പൂർത്തിയാക്കും.
രാത്രിയിൽ ഭഗവതിമാരുടെയും ശാസ്താക്കന്മാരുടെയും പകൽ നടന്ന എഴുന്നള്ളിപ്പുകൾ ആവർത്തിക്കും. ആഘോഷങ്ങളുടെ ആവേശത്തിനൊപ്പം തന്നെ ദുരന്തത്തിന്റെ വേദനകളും ഉൾക്കൊണ്ടാണ് ഇത്തവണത്തെ പൂരച്ചടങ്ങുകൾ നടക്കുന്നത്. നാളെ ഉച്ചയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് സമാപനമാകും.



