വാഷിംഗ്ടണ്‍ – സൗദി അറേബ്യയും ഇസ്രായിലും അടക്കം 14 രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടന്‍ തന്നെ പുറത്തുപോകാനും ലഭ്യമായ വാണിജ്യ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും യു.എസ് വിദേശ മന്ത്രാലയം അഭ്യര്‍ഥിച്ചു. ഈ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഗുരുതരമായ സുരക്ഷാ അപകടസാധ്യതകള്‍ നിലനില്‍ക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രായില്‍ (വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ് ഉള്‍പ്പെടെ), ജോര്‍ദാന്‍, കുവൈത്ത്, ലെബനോന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യു.എ.ഇ, യെമന്‍ എന്നിവ മുന്നറിയിപ്പില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയില്‍ ഉള്‍പ്പെടുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വിശദീകരിച്ചു.
സുരക്ഷാ സാഹചര്യങ്ങള്‍ പിന്നീട് യാത്രയെയോ കോണ്‍സുലാര്‍ സഹായം നല്‍കുന്നതിനെയോ തടസ്സപ്പെടുത്തിയേക്കാവുന്ന പശ്ചാത്തലത്തില്‍ ഈ രാജ്യങ്ങളിലെ യു.എസ് പൗരന്മാര്‍ ഷെഡ്യൂള്‍ ചെയ്ത വാണിജ്യ വിമാനങ്ങളും ലഭ്യമായ മറ്റ് ഗതാഗത മാര്‍ഗങ്ങളും വഴി എത്രയും വേഗം അവരുടെ പുറപ്പെടല്‍ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത പ്രസ്താവന ഊന്നിപ്പറഞ്ഞു.



