ജിദ്ദ: ദ മലയാളം ന്യൂസ് പുറത്തിറക്കുന്ന സൗദി സ്പെഷ്യൽ പതിപ്പിന്റെ കവർ പ്രകാശനം ചെയ്തു. സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ചടങ്ങിലാണ് കവർ പ്രകാശനം ചെയ്തത്. അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആന്റ് സി.ഇ.ഒ സുനീറും മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടിയും ചേർന്നാണ് കവർ പ്രകാശനം ചെയ്തത്. സൗദി അറേബ്യയുടെ പുരോഗതിയുടെ സമഗ്രവിവരണങ്ങൾ അടങ്ങുന്ന സ്പെഷ്യൽ പതിപ്പ് അടുത്ത മാസം പ്രകാശനം ചെയ്യും.
സൗദി അറേബ്യയുടെ സമഗ്ര പുരോഗതിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പങ്ക് നിസ്തുലമാണെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം. സൗദിയുടെ തൊണ്ണൂറ്റി അഞ്ചാം ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് മീഡിയ ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച ദേശീയദിന സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


സൗദി അറേബ്യയുടെ സംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, വളർച്ചയുടെ ഭാഗമാകാൻ ഇന്ത്യൻ പ്രവാസികൾക്ക് അവസരമുണ്ടായത് വ്യക്തിത്വ വികസനത്തിനും നമ്മുടെ നാടിന്റെ പുരോഗതിക്കും മുതൽകൂട്ടായി. സ്വദേശികൾക്ക് ഇന്ത്യൻ പൗരൻമാരോടുള്ള വിശ്വസ്ഥതയും സഹകരവും പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാക്കിയതായും ദേശീയദിന സന്ദേശത്തിൽ പറഞ്ഞു. സാമൂഹ്യ സേവന രംഗത്തെ പ്രതിനിധികൾക്ക് വാർത്ത തയ്യാറാക്കൽ, വിഷ്വൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങൾ സംബന്ധിച്ച് ക്ലാസെടുത്തു. കബീർ കൊണ്ടോട്ടി, ഗഫൂർ കൊണ്ടോട്ടി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. എ.എം സജിത്ത് ദേശീയ ദിന സന്ദേശം നൽകി. സുൽഫീക്കർ ഒതായി(അമൃത ടി,വി), സാദിഖലി തുവൂർ(മാധ്യമം), സാബിത് സലീം(മീഡിയ വൺ), വഹീദ് സമാൻ (ദ മലയാളം ന്യൂസ്), സാലിഹ് (ദ മലയാളം ന്യൂസ്) എന്നിവർ പാനൽ ഡിസ്കഷന് നേതൃത്വം നൽകി.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളി സ്വാഗതവും വൈസ് പ്രസിഡന്റ് ഇബ്രാഹിം ശംനാട് നന്ദിയും പറഞ്ഞു. ട്രഷറർ സിറാജ് കൊട്ടപ്പുറം വിവിധ പരിപാടികൾ നിയന്ത്രിച്ചു. ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ മീഡിയ, പബ്ലിക് റിലേഷൻ കൺവീനർമാർ പങ്കെടുത്തു.