മക്ക – വിശുദ്ധ കഅബാലയത്തിന്റെയും ഹിജ്ര്‍ ഇസ്മായിലിന്റെയും കാലികമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര എന്‍ജിനീയറിംഗ് നിലവാരത്തിലും സാങ്കേതിക തികവിലുമാണ് ഈ പ്രവൃത്തികള്‍ നടത്തിയത്. തീര്‍ഥാടകരുടെ ത്വവാഫിന് തടസ്സമുണ്ടാകാത്ത രീതിയില്‍ വളരെ കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. 31 പ്രധാന വിഭാഗങ്ങളിലായി ഏകദേശം 305 ഓളം വ്യത്യസ്ത ജോലികളാണ് ഇതിന്റെ ഭാഗമായി നടന്നത്. മൊത്തം 4,700 മണിക്കൂര്‍ സമയമെടുത്താണ് കഅബയുടെ ഉള്‍ഭാഗം, മേല്‍ക്കൂര, പുറംഭാഗം എന്നിവ മിനുക്കിയെടുത്തത്. കൂടാതെ കഅബയുടെ ആന്തരിക ഘടകങ്ങളുടെ സമഗ്രമായ പരിശോധനയും ഇതോടൊപ്പം നടന്നു.
കഅബാലയത്തിന് ചുറ്റുമുള്ള 30 മീറ്ററിലധികം ദൂരത്തെ സിലിക്കണ്‍ ജോയിന്റുകള്‍ പുതിയവ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. തറയിലെ കേടുപാടുകള്‍ സംഭവിച്ച ഭാഗങ്ങള്‍ പരിഹരിക്കുകയും കഅബയ്ക്ക് ചുറ്റുമുള്ള 50 മീറ്ററിലധികം വരുന്ന മാര്‍ബിള്‍ ജോയിന്റുകള്‍ റീഗ്രൗട്ട് ചെയ്യുകയും ചെയ്തു. വിശുദ്ധ കഅബയുടെ വാതിലിന് ചുറ്റുമുള്ള ഭാഗം ഉള്‍പ്പെടെയുള്ള തറയിലെ മുഴുവന്‍ മാര്‍ബിളുകളും പോളിഷ് ചെയ്ത് മിനുസപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച ഗുണനിലവാരമുള്ള വസ്തുക്കളുമാണ് ഇതിനായി ഉപയോഗിച്ചത്.
വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യോഗ്യരായ സൗദി ജീവനക്കാരാണ് ഈ പണികള്‍ക്ക് നേതൃത്വം നല്‍കിയത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഈ അറ്റകുറ്റപ്പണികള്‍ കഅബാലയത്തിന്റെ ഘടകങ്ങളുടെ ഈടുനില്പും സുസ്ഥിരതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഹറംകാര്യ വകുപ്പ് വ്യക്തമാക്കി. തീര്‍ഥാടകര്‍ക്ക് സുഗമമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പാകത്തിലാണ് ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയിരിക്കുന്നത്.



