ജിസാൻ– കഴിഞ്ഞ മാസം 22 ന് അബുഅരിഷ് ആർമഡ് ഫോഴ്സ് ഹോസ്പിറ്റലിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട പത്തനംതിട്ട റാന്നി നെല്ലിക്കമണ് സ്വദേശിനി ഷേർളി ഡേവിഡ് ജേക്കബ്(34) ന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. തിങ്കളാഴ്ച നാട്ടിൽ വെച്ചു അന്ത്യകർമങ്ങൾക്ക് ശേഷം സംസ്കരിക്കും.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി കുടുംബം കെഎംസിസി യെ ബന്ധപ്പെടുകയും സിറാജ് പുല്ലൂരാംപാറയുടെ പേരിൽ പവർ ഓഫ് അറ്റോർണി നൽകുകയും ചെയ്തു. ജിസാൻ കെഎംസിസി വെൽഫയർ വിങ്ങിന്റെ കീഴിൽ ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ അംഗങ്ങളായ കെഎംസിസി പ്രസിഡണ്ട് ഷംസു പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി ഖാലിദ് പട്ല, ആശുപത്രി എച്ച് ആർ തലവൻ ഡോ. മുഹമ്മദ്, ഡോ.നൗഷാദ് എന്നിവർ ഇവർക്ക് ആവശ്യമായ യാത്ര രേഖകളും മറ്റും ശരിയാക്കുന്നതിന് വേണ്ട നിയമ നടപടികൾക്ക് നേതൃത്വം നൽകി. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സമയം മുതൽ ഷംസു പൂക്കോട്ടൂരിന്റെ നിരന്തരമായ ഇടപെടലിലൂടെ യാത്രരേഖകളും മറ്റ് നിയമ നടപടികളും പെട്ടെന്ന് പൂർത്തീകരിക്കാൻ സാധിച്ചു.
അബു അരിഷ് ആംഡ് ഫോഴ്സ് ഹോസ്പിറ്റലിൽ 8 വർഷത്തോളമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഡേവിഡ് ജെക്കബിന്റെയും ശാന്തമായുടെയും മകളാണ്. ഭർത്താവ് ജോബിൻ,അബഹ ഹയാത്ത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഷൈനി ഡേവിഡ് സഹോദരിയാണ്.



