റിയാദ്- നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ ചരിത്ര വിജയം മതേതര കേരളത്തിന്റെ കരുത്ത് വിളംബരം ചെയ്യുന്നതാണെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. വര്‍ഗീയതയ്ക്കും കുതന്ത്രങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ ഇടമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ജനവിധിയെന്നും, യുഡിഎഫിനെ നെഞ്ചേറ്റിയ പ്രബുദ്ധരായ വോട്ടര്‍മാരോടും യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യാൻ മുന്നോട്ട് വന്ന മുഴുവൻ പ്രവാസി സുഹൃത്തുക്കളോടും അവരുടെ കുടുംബങ്ങളോടും നന്ദി അറിയിക്കുന്നതായും നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ്‌കുട്ടി, പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള എന്നിവർ പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളെ തെരഞ്ഞെടുത്തയച്ച ജനങ്ങളുടെ മുന്നിൽ അഹങ്കാരത്തോടെ പെരുമാറിയത് ഇടതു സർക്കാരിന് കനത്ത ശിക്ഷ നൽകാൻ വോട്ടർമാരെ പ്രേരിപ്പിച്ചു. പ്രവാസികളോടുള്ള സുപ്രധാന വാഗ്ദാനങ്ങളെല്ലാം വെറും വാക്കുകളായി മാറിയതും പ്രവാസികളുടെയും കുടുംബങ്ങളുടെയും മുമ്പാകെ ഭരണവിരുദ്ധ വികാരമുണ്ടാക്കി. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയുള്ള വിധിയെഴുത്താണ് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ പുറത്തുവന്നത്. ഒപ്പം ഭരിക്കുന്നവരുടെ ദാർഷ്ട്യത്തോടെയുള്ള സമീപനം ജനങ്ങളെ വല്ലാതെ വേദനിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സൂചന നൽകിയെങ്കിലും പഠിക്കാൻ തയ്യാറാകാത്ത സർക്കാരിനെ ഇനിയും തുടരാൻ അനുവദിക്കില്ലെന്ന് പ്രബുദ്ധരായ വോട്ടർമാർ തീരുമാനിച്ചതാണ് ഈ ചരിത്ര വിജയത്തിന്റെ നിദാനം. ഒപ്പം യുവാക്കളും സ്ത്രീകളുമടങ്ങിയ കഴിവുറ്റ നിരയെ മത്സര രംഗത്തിറക്കിയ യു ഡി എഫിന്റെ ദീർഘ വീക്ഷണത്തെ വോട്ടർമാർ അംഗീകാരം നൽകി.
കേരളം വലിയൊരു മാറ്റം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മികച്ച വിജയം. ജനാധിപത്യ മൂല്യങ്ങള്‍ക്കും മതസൗഹാര്‍ദ്ദത്തിനും ലഭിച്ച അംഗീകാരം വരുംകാല കേരളത്തിന്റെ വികസനത്തിന് അടിത്തറയാകും. നാടിന്റെ ഐക്യത്തിനും സാമൂഹിക സൗഹാര്‍ദ്ദത്തിനും പുതിയ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്നും, അതിനുതകുന്ന പക്വതയുള്ള നേതൃത്വമാണ് മുന്നണിയെ നയിക്കുന്നതെന്നും കെഎംസിസി അഭിപ്രായപ്പെട്ടു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. എന്നിട്ടും സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും യുഡിഎഫ് വിജയത്തിനായി പ്രവാസലോകം നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടു. കാലങ്ങളായി അവഗണന നേരിടുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളില്‍ പുതിയ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി. അതിനായി ആവുന്നതെല്ലാം ചെയ്യുമെന്നും നാഷണൽ കമ്മിറ്റി നേതാക്കലും മറ്റു ഭാരവാഹികളും പറഞ്ഞു. വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും കെഎംസിസി നാഷണല്‍ കമ്മിറ്റി പറഞ്ഞു.



