ഗാസ – ഗാസ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സ്ഥിതിയില്‍ ഫ്രാന്‍സും ബ്രിട്ടനും കാനഡയും ജപ്പാനും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഗാസയിലെ സ്ഥിതിഗതികള്‍ ദുരന്തമാണെന്ന് ഈ രാജ്യങ്ങള്‍ വിശേഷിപ്പിച്ചു. സഹായ വിതരണം ഉറപ്പാക്കാനും അതിര്‍ത്തി ക്രോസിംഗുകള്‍ തുറക്കാനും ഇസ്രായില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പത്തു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഗാസയില്‍ യു.എന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ഉറപ്പാക്കുന്നതിനൊപ്പം സര്‍ക്കാരിതര സംഘടനകളെ ഗാസയില്‍ സ്ഥിരവും സുസ്ഥിരവുമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇസ്രായില്‍ അനുവദിക്കണമെന്ന് പത്തു രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍ പുറത്തിറക്കിയതും ബ്രിട്ടീഷ് വിദേശ മന്ത്രാലയം പ്രസിദ്ധീകരിച്ചതുമായ സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. ചില വസ്തുക്കളുടെ പ്രവേശനത്തിന്, പ്രത്യേകിച്ച് മെഡിക്കല്‍ ഉപകരണങ്ങള്‍, ഷെല്‍ട്ടര്‍ വസ്തുക്കള്‍ എന്നിവയുടെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്തിരഹിതമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം. സഹായ വസ്തുക്കളുടെ പ്രവാഹം സുഗമമാക്കുന്നതിന് ഗാസയുടെ അതിര്‍ത്തി ക്രോസിംഗുകള്‍ തുറക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിനു ശേഷം ഒക്ടോബറില്‍ ഇസ്രായിലും ഹമാസും വെടിനിര്‍ത്തല്‍ കരാറിലെത്തി. കരാറിനെ തുടര്‍ന്ന് ഗാസയില്‍ ഭക്ഷ്യസുരക്ഷയില്‍ ആപേക്ഷിക പുരോഗതി രേഖപ്പെടുത്തിയതായി ഡിസംബര്‍ 19 ന് യു.എന്‍ ഏജന്‍സി പറഞ്ഞു. ഗാസ മുനമ്പിലെ ഇരുപതു ലക്ഷത്തിലേറെ വരുന്ന നിവാസികളുടെ യഥാര്‍ഥ ആവശ്യങ്ങള്‍ക്ക് മതിയായ സഹായം എത്തുന്നില്ലെന്ന് മാനുഷിക സംഘടനകള്‍ വ്യക്തമാക്കി. നിരവധി അവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രായില്‍ തടയുകയാണെന്നും മാനുഷിക സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍ ഗാസയിലേക്ക് പ്രവേശിക്കുന്ന ഭക്ഷണത്തിന്റെ അളവ് പര്യാപ്തമാണെന്നും യഥാര്‍ഥ പ്രശ്‌നം ഗാസയിലെ വിതരണ സംവിധാനത്തിലാണെന്നും ഇസ്രായില്‍ വാദിക്കുന്നു.



