ന്യൂയോർക്ക് – സൗദി ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ഇനി മുതല്‍ പത്തു ശതമാനം ഇറക്കുമതി തീരുവ. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കസ്റ്റംസ് തീരുവ ബാധകമാക്കി. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയ തീരുവകള്‍ക്ക് എതിര്‍ തീരുവയാണ് ബാധകമാക്കുന്നതെന്ന് ട്രംപ് വിശേഷിപ്പിച്ചു. വിമോചന ദിനം എന്ന് വിശേഷിപ്പിച്ച ദിവസത്തില്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിനിടെ ട്രംപ് നടത്തിയ പ്രഖ്യാപനം പ്രധാനമായും ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ യൂനിയന്‍, ഇന്ത്യ എന്നീ രാജ്യങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്.
ട്രംപിന്റെ തീരുവകളില്‍ നിന്ന് അറബ് രാജ്യങ്ങളും ഒഴിവായില്ല. സിറിയക്ക് 41 ശതമാനവും ഇറാഖിന് 39 ശതമാനവും തീരുവ പ്രഖ്യാപിച്ചു. അതേസമയം സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, മൊറോക്കോ, മറ്റ് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവയാണ് ബാധകമാക്കിയിരിക്കുന്നത്. ഇത് ആഗോളതലത്തില്‍ ട്രംപ് ചുമത്തിയ ഏറ്റവും കുറഞ്ഞ കസ്റ്റംസ് നിരക്കാണ്.
സൗദി അറേബ്യയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. സൗദി അറേബ്യ പ്രതിവര്‍ഷം 16 ബില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതായി സൗദി, യു.എസ് ബിസിനസ് കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സൗദി അറേബ്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ, വളങ്ങള്‍, രാസവസ്തുക്കള്‍, ജൈവവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി തന്ത്രപ്രധാന ഉല്‍പന്നങ്ങള്‍ക്ക് പുതിയ 10 ശതമാനം തീരുവ ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കന്‍ വിപണിയിലേക്കുള്ള സൗദി കയറ്റുമതിയില്‍ ഏറ്റവും മുന്നില്‍ അസംസ്‌കൃത എണ്ണയാണ്. പ്രതിവര്‍ഷം 13.7 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍ സൗദി അറേബ്യ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു. ഏകദേശം 2.3 ബില്യണ്‍ ഡോളറിന്റെ എണ്ണയിതര ഉല്‍പന്നങ്ങളും കയറ്റി അയക്കുന്നു. എണ്ണയിതര ഉല്‍പന്നങ്ങളില്‍ രാസവളങ്ങളാണ് മുന്നില്‍. 79 കോടി ഡോളര്‍ മൂല്യമുള്ള രാസവളങ്ങള്‍ സൗദി അറേബ്യ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നു. തൊട്ടുപിന്നില്‍ 70 കോടി ഡോളര്‍ മൂല്യമുള്ള ജൈവ രാസവസ്തുക്കളാണ്. ഇറക്കുമതി താരിഫ് ചുമത്തുന്നത് ഈ തന്ത്രപ്രധാന ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണികളില്‍ വില ഉയരാന്‍ ഇടയാക്കും. ഇത് അമേരിക്കന്‍ ഉപഭോക്താക്കളില്‍ കാര്യമായ പ്രതികൂല സ്വാധീനം ചെലുത്തും.