ദമാം – കൃത്രിമം കാണിച്ച് എയര്‍ കണ്ടീഷനറുകള്‍ വില്‍പന നടത്തിയ കേസില്‍ ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മാനേജറായ സൗദി പൗരന് ദമാം അഡ്മിനിസ്‌ട്രേറ്റീവ് കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനം 15 ദിവസത്തേക്ക് അടപ്പിക്കാനും വിധിയുണ്ട്. വ്യാജ എയര്‍ കണ്ടീഷനറുകള്‍ തിരിച്ചുവാങ്ങി അവയുടെ വില ഉപയോക്താവിന് തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു.
ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന മേഖലയില്‍ ദമാമില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മാനേജറായ സൗദി പൗരന്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ സ്വാലിഹ് അല്‍ഖിദൈറിനാണ് കോടതി പിഴ ചുമത്തിയത്. മൂന്നു ടണ്ണിന്റെ ഒരു എയര്‍ കണ്ടീഷനറും രണ്ടര ടണ്ണിന്റെ രണ്ടു എയര്‍ കണ്ടീഷനറുകളുമാണ് കമ്പനി വില്‍പന നടത്തിയത്. എന്നാല്‍ ഇവ ഫിറ്റ് ചെയ്ത ശേഷം എയര്‍ കണ്ടീഷനറുകളില്‍ ഒന്ന് രണ്ടര ടണ്‍ ശേഷിയുള്ളതും മറ്റു രണ്ടെണ്ണം രണ്ടു ടണ്‍ വീതവും ശേഷിയുള്ളതാണെന്ന് വ്യക്തമാവുകയായിരുന്നു. ഇത് ഉപയോക്താവിനെ കബളിപ്പിക്കലും വാണിജ്യ വഞ്ചനയുമായി കോടതി വിലയിരുത്തി.
സൗദി പൗരന്റെ പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച് സൗദിയില്‍ വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.