ദമാസ്‌കസ് – ബശാര്‍ അല്‍അസദിന്റെ ഭരണത്തിന് അന്ത്യമായതോടെ ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ തുടങ്ങി. സിറിയന്‍ പ്രതിപക്ഷ സൈന്യം ദമാസ്‌കസ് പിടിച്ചടക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് ആദ്യ മണിക്കൂറുകളില്‍ തന്നെ അഭയാര്‍ഥികളുടെ പ്രവാഹം ആരംഭിച്ചു. വിദേശങ്ങളിലുള്ള അഭയാര്‍ഥികള്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ സ്വദേശത്തേക്ക് മടങ്ങണമെന്ന് പ്രതിപക്ഷ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു.
ബശാര്‍ അല്‍അസദിനെതിരായ ആഭ്യന്തര യുദ്ധത്തില്‍ സിറിയന്‍ ജനസംഖ്യയില്‍ 67 ലക്ഷം പേര്‍ രാജ്യത്തിനകത്തും 66 ലക്ഷം പേര്‍ വിദേശത്തും അഭയാര്‍ഥികളായിരുന്നു. ഇന്ന് പതിനായിരണക്കിന് സിറിയന്‍ അഭയാര്‍ഥികളാണ് തുര്‍ക്കിയില്‍ നിന്ന് സിറിയ അതിര്‍ത്തി വഴി സ്വദേശത്തേക്ക് മടങ്ങിയത്. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും മാതൃരാജ്യത്തു നിന്നും വര്‍ഷങ്ങളോളം അകന്ന് കഴിയാന്‍ നിര്‍ബന്ധിതരായ ഇവര്‍ ഭരണമാറ്റം അറിഞ്ഞയുടന്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തുര്‍ക്കിയെയും സിറിയയെയും ബന്ധിപ്പിക്കുന്ന റോഡില്‍ സ്വദേശത്തേക്ക് മടങ്ങുന്ന അഭയാര്‍ഥികളുടെ വാഹനങ്ങളാല്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ അരിച്ചരിച്ചാണ് നീങ്ങുന്നത്.
പതിനായിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയും പ്രവര്‍ത്തകരെയും സര്‍ക്കാര്‍ വിരുദ്ധരെയും ഭരണകൂടം അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളായി ജയിലുകളില്‍ അടച്ചു. പ്രതിപക്ഷ സൈന്യം ദമാസ്‌കസും പ്രധാന നഗരങ്ങളും പിടിച്ചടക്കിയ ഉടന്‍ അതത് പ്രദേശങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് രാഷ്ട്രീയത്തടവുകാര്‍ അടക്കമുള്ളവരെ വിട്ടയക്കുകയാണ് ആദ്യം ചെയ്തത്.
സിറിയയിലെ സംഭവവികാസങ്ങള്‍ ഏറെ ശ്രദ്ധയോടെ സൗദി അറേബ്യ നിരീക്ഷിച്ചുവരികയാണെന്ന് ഉത്തരവാദപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. സിറിയയില്‍ വേഗത്തില്‍ സ്ഥിരത കൈവരിക്കുമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ക്രമം, സുരക്ഷ, ഐക്യം, രാജ്യത്തിന്റെ അഖണ്ഡത എന്നിവ കാത്തുസൂക്ഷിക്കുമെന്നും സിറിയക്കാര്‍ ആഗ്രഹിക്കുന്ന നിലക്ക് ദേശീയ രാഷ്ട്ര നിര്‍മാണം നടത്തുമെന്നും വിവേകത്തിന് മുന്‍തൂക്കം നല്‍കുമെന്നും സൗദി അറേബ്യ പ്രതീക്ഷിക്കുന്നു.
സിറിയയുടെ സുരക്ഷയും, ബാഹ്യഇടപെടലുകളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും അകന്നുനിന്ന് അഖണ്ഡതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തില്‍ ഊന്നിയുള്ള ഉറച്ച നിലപാടാണ് 2011 ല്‍ സിറിയ സാക്ഷ്യം വഹിച്ച ജനകീയ വിപ്ലവത്തിന്റെ ആദ്യ ദിവസം മുതല്‍ സൗദി അറേബ്യ സ്വീകരിച്ചത്. സിറിയ സിറിയക്കാരുടേതാണെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നു. പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിലേക്ക് നയിക്കുന്ന ഒരു ആന്തരിക പരിഹാരത്തിലേക്ക് നയിക്കുന്ന ആഭ്യന്തര സംവാദത്തിന് അനുസൃതമായി ഭരണം കൈയാളാനും സ്വയം നിര്‍ണയിക്കാനും സിറിയക്കാര്‍ യോഗ്യരാണ്.
വളരെക്കാലമായി യുദ്ധവും അസ്ഥിരതയും മൂലം കഷ്ടപ്പെടുന്ന സിറിയന്‍ ജനതക്കൊപ്പം കഴിഞ്ഞ വര്‍ഷങ്ങളില്‍ സൗദി അറേബ്യ അതിന്റെ എല്ലാ തീരുമാനങ്ങളിലും നിലപാടുകളിലും പക്ഷം ചേര്‍ന്നു. മുപ്പതു ലക്ഷം സിറിയക്കാര്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം നല്‍കി. അഭയാര്‍ഥികളായല്ല, രാജ്യത്തെ താമസക്കാര്‍ എന്നോണമാണ് ഇവരെ കൈകാര്യം ചെയ്തത്. ഇവര്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും പോലുള്ള ജീവിതത്തിന്റെ അടിസ്ഥാന ആവശ്യകതകള്‍ സൗജന്യമായി നല്‍കുകയും അവരെ ജോലി ചെയ്യാന്‍ അനുവദിക്കുകയും അവരെ സമൂഹത്തില്‍ ലയിപ്പിക്കുകയും ചെയ്തതായും ഉത്തരവാദപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.