ദമാസ്‌കസ് – സ്വന്തം ജനതക്കു നേരെ ബോംബ് വര്‍ഷം നടത്താനുള്ള മുന്‍ സിറിയന്‍ പ്രസിഡന്റും, പ്രതിപക്ഷ സേനയുടെ മുന്നേറ്റത്തില്‍ കഴിഞ്ഞ ദിവസം അധികാരം നഷ്ടപ്പെട്ട് സ്വന്തം ജീവനും കൊണ്ട് രാജ്യത്തു നിന്ന് രക്ഷപ്പെട്ട് റഷ്യയില്‍ അഭയം തേടുകയും ചെയ്ത ബശാര്‍ അല്‍അസദിന്റെ പിതാവുമായ ഹാഫിസ് അല്‍അസദിന്റെ ഉത്തരവുകള്‍ ലംഘിച്ചതിന് സിറിയന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് കല്‍തുറുങ്കിലടച്ച വ്യോമസേനാ പൈലറ്റ് റഗീദ് അഹ്മദ് അല്‍തത്‌രിക്ക് 43 വര്‍ഷത്തിനു ശേഷം മോചനം. തീഷ്ണമായ യൗവനത്തില്‍ ജയിലിലടക്കപ്പെട്ട റഗീദ് അല്‍തത്‌രിക്ക് വാര്‍ധക്യത്തിലാണ് ജയില്‍ മോചനം സാധ്യമായത്. പ്രതിപക്ഷ സേന ദമാസ്‌കസ് പിടിച്ചടക്കിയതോടെയാണ് റഗീദ് അല്‍തത്‌രിയെ ജയിലില്‍ നിന്ന് വിട്ടയച്ചത്.
ഹമാ നഗരത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കെതിരെ ബോംബിംഗ് നടത്താനുള്ള ഹാഫിസ് അല്‍അസദിന്റെ ഉത്തരവുകള്‍ ലംഘിച്ചതാണ് റഗീദ് അല്‍തത്‌രിയുടെ ജീവിതം മാറ്റിമറിച്ചത്. ജയിലില്‍ അടക്കപ്പെടുമ്പോഴുള്ള ഇദ്ദേഹത്തിന്റെ ഫോട്ടോയും ജയില്‍ മോചിതനായ ശേഷമുള്ള ഫോട്ടോയും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പുറത്തുവിട്ടു.
വധശിക്ഷ നടപ്പാക്കാന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് തനിക്കും മറ്റു 54 പേര്‍ക്കും ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ദമാസ്‌കസിനു സമീപത്തെ കുപ്രസിദ്ധമായ സദ്‌നായ മിലിട്ടറി ജയിലില്‍ നിന്ന് മോചിതനായ തടവുകാരില്‍ ഒരാള്‍ പറഞ്ഞു. താനടക്കം 55 പേരെ വധശിക്ഷക്ക് വിധേയരാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനു തൊട്ടു മുമ്പാണ് പ്രതിപക്ഷ ഗ്രൂപ്പുകള്‍ ദമാസ്‌കസ് കീഴടക്കി തങ്ങളെ ജയിലില്‍ നിന്ന് വിട്ടയച്ചതെന്ന് യുവാവ് പറഞ്ഞു.
വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുന്ന തടവുകാര്‍ക്ക് മൂന്നു ദിവസം ഭക്ഷണവും വെള്ളവും നിഷേധിക്കുകയും തുടര്‍ന്ന് കഴുമരത്തിലേറ്റുകയുമാണ് ചെയ്യുകയെന്ന് സദ്‌നായ ജയിലില്‍ നിന്ന് മോചിതനായ തടവുകാരില്‍ ഒരാള്‍ പറഞ്ഞു. ക്രൂരമായ പീഡനമുറകള്‍ കാരണം കഴുമരത്തില്‍ അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പായി തടവുകാര്‍ക്ക് നൂറു തവണ മരണവേദന അനുഭവിക്കേണ്ടിവന്നിരുന്നു. സദ്‌നായ ജയിലില്‍ നിന്ന് മോചിതരായവര്‍ക്കെല്ലാം പുതിയ ആയുസ്സ് ദൈവം വിധിച്ചതായും യുവാവ് പറഞ്ഞു.
ക്രൂരമായ പീഡനമുറകളാണ് സദ്‌നായ ജയിലില്‍ തടവുകാര്‍ നേരിട്ടിരുന്നത്. ദമാസ്‌കസ് കീഴടക്കിയ ഉടന്‍ ജയില്‍ കവാടങ്ങള്‍ തുറന്ന് സ്ത്രീകള്‍ അടക്കം മുഴുവന്‍ തടവുകാരെയും പ്രതിപക്ഷ സേന പുറത്തിറക്കുകയായിരുന്നു. ഹുംസ്, അലപ്പോ, ഹമാ തുടങ്ങി തങ്ങള്‍ കീഴടക്കിയ നഗരങ്ങളിലെ ജയിലുകളിലെ മുഴുവന്‍ തടവുകാരെയും പ്രതിപക്ഷ സൈന്യം വിട്ടയച്ചിട്ടുണ്ട്. ബശാര്‍ അല്‍അസദിന്റെ പിതാവ് ഹാഫിസ് അല്‍അസദിന്റെ കാലത്ത് ജയിലടക്കപ്പെട്ടവരും മോചിതരായ കൂട്ടത്തിലുണ്ട്. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുമെന്നും വിരലുയര്‍ത്തുമെന്നും സംശയിക്കുന്നവരെ പോലും ഭരണകൂട കിങ്കരന്മാര്‍ അറസ്റ്റ് ചെയ്ത് ജയിലുകളില്‍ അടക്കുകയായിരുന്നു.
സദ്‌നായ ജയിലിന്റെ മുകള്‍ നിലകളിലുണ്ടായിരുന്ന ആയിരക്കണക്കിന് തടവുകാരെ വേഗത്തില്‍ വിട്ടയക്കാന്‍ സാധിച്ച പ്രതിപക്ഷ സേന ഏറെ നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെയാണ് കാറ്റും വെളിച്ചവും കടക്കാത്ത, ജയിലിന്റെ മൂന്നു ഭൂഗര്‍ഭ നിലകളില്‍ അതിദയനീയമായ സാഹചര്യത്തില്‍ കഴിഞ്ഞവരെ മോചിപ്പിച്ചത്. വര്‍ഷങ്ങളായി ഭൂഗര്‍ഭ നിലകളില്‍ ഇരുട്ടറകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. റെഡ് ജയില്‍, വൈറ്റ് ജയില്‍, യെല്ലോ ജയില്‍ എന്നീ പേരുകളിലാണ് ഭൂഗര്‍ഭ നിലകള്‍ അറിയപ്പെടുന്നത്. കോണ്‍ക്രീറ്റ് ഭിത്തികള്‍ തകര്‍ത്താണ് പ്രതിപക്ഷ സൈന്യം ഭൂഗര്‍ഭ നിലകളിലെ തടവുകാരെ അവസാനം മോചിപ്പിച്ചത്. രാജ്യം വിട്ട ബശാര്‍ അല്‍അസദിനും കുടുംബത്തിനും അഭയം നല്‍കിയതായി റഷ്യ അറിയിച്ചിട്ടുണ്ട്.