ദമാസ്‌കസ് – സിറിയയില്‍ തന്ത്രപ്രധാന നഗരങ്ങളും കേന്ദ്രങ്ങളും കീഴടക്കി പ്രതിപക്ഷ സേന ശക്തമായ മുന്നേറ്റം തുടരുന്നതിനിടെ ദശകങ്ങളായി നിലനില്‍ക്കുന്ന ബശാര്‍ അല്‍അസദ് ഭരണം നിലപം പതിച്ചു. 24 വര്‍ഷത്തെ അസദ് ഭരണകൂടം വീണതായി വിമതസേന പ്രഖ്യാപിച്ചു. ഇന്ന് സിറിയന്‍ ടിവിയിലൂടെ വിമതസേനാനേതാവ് അഹമ്മദ് അല്‍ശറഅ് ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രസിഡന്റ് അസദ് അജ്ഞാത സ്ഥലത്തേക്ക് പോയതായി റിപ്പോര്‍ട്ടുണ്ട്. ഡമസ്‌കസില്‍ സേനയും വിമതരും തമ്മില്‍ പോരാട്ടവും നടക്കുന്നുണ്ട്.
ഒരാഴ്ച മുമ്പ് ആരംഭിച്ച അപ്രതീക്ഷിത മിന്നലാക്രമണത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളായ അലപ്പോയും ഹമായും കീഴടക്കിയ ശേഷം ഇന്നലെ ഹുംസും പ്രതിപക്ഷം നിയന്ത്രണത്തിലാക്കി. തലസ്ഥാന നഗരയിയായ ദമാസ്‌കസ് വളഞ്ഞതോടെ പ്രസിഡന്റ് ബശാര്‍ അല്‍അസദ് ദമാസ്‌കസ് വിട്ടതായും പ്രസിഡന്റിന്റെ കുടുംബം റഷ്യയിലേക്ക് രക്ഷപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ സേനയുടെ മുന്നേറ്റം തടയാന്‍ ലക്ഷ്യമിട്ട്, സൈനികര്‍ക്ക് ബശാര്‍ അല്‍അസദ് കഴിഞ്ഞ ദിവസം 50 ശതമാനം ശമ്പള വര്‍ധന പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ സൈനികര്‍ക്കു മുന്നില്‍ സിറിയന്‍ സൈനികര്‍ കീഴടങ്ങുകയും ഒളിച്ചോടുന്നതിന്റെയും കാഴ്ചകളാണ് പുറത്തുവരുന്നത്.
ദമാസ്‌കസിന് മൂന്നു കിലോമീറ്റര്‍ ദൂരെ അല്‍ഗൂത്ത പ്രദേശത്ത് സിറിയന്‍ പ്രതിപക്ഷ സേന എത്തി. തെക്കു, വടക്കു ഭാഗങ്ങളില്‍ നിന്നാണ് ദമാസ്‌കസ് ലക്ഷ്യമിട്ട് സിറിയന്‍ പ്രതിപക്ഷ സേന മുന്നേറുന്നത്. 48 മുതല്‍ 72 മണിക്കൂറിനകം ദമാസ്‌കസ് പ്രതിപക്ഷത്തിന്റെ കൈകളില്‍ പൂർണമായും പതിക്കുമെന്നാണ് കരുതുന്നത്. സുരക്ഷിതമായി രാജ്യത്തു നിന്ന് പുറത്തുപോകാൻ അനുവദിക്കണമെന്ന ഉപാധിയോടെ പ്രതിപക്ഷവുമായി സമാധാന കരാര്‍ ഒപ്പുവെക്കാന്‍ ബശാര്‍ അല്‍അസദ് തയാറാണെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് പുലര്‍ച്ചെ ദമാസ്‌കസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങി. എയര്‍പോര്‍ട്ടില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് നീങ്ങാന്‍ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ലഭിക്കുകയായിരുന്നു. പശ്ചിമ സിറിയയിലെ ഹുംസ് നഗരം പൂര്‍ണമായും കീഴടക്കികയതായി പ്രതിപക്ഷ സായുധ ഗ്രൂപ്പുകള്‍ ഇന്നലെ രാത്രി അറിയിച്ചിരുന്നു. സിറിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹുംസ് നഗരത്തിന് വടക്കുള്ള ഹുംസ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് 3,500 ലേറെ തടവുകാരെ പ്രതിപക്ഷ സേന പുറത്തിറക്കി. സിറിയന്‍ സൈന്യം നഗരത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെ മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റിന്റെ പിതാവുമായ ഹാഫിസ് അല്‍അസദിന്റെ കൂറ്റന്‍ പ്രതിമ ഹുംസ് നിവാസികള്‍ തകര്‍ത്തു.
തലസ്ഥാന നഗരിയായ ദമാസ്‌കസിലെ പല പ്രദേശങ്ങളില്‍ നിന്നും സിറിയന്‍ സൈന്യം പിന്‍വാങ്ങിയിട്ടുണ്ട്. അല്‍മാലികി, അല്‍അസാകിര്‍ ഡിസ്ട്രിക്ടുകളില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. പലരും സൈനിക യൂനിഫോം അഴിച്ചുമാറ്റി സാദാവേഷം ധരിച്ചാണ് ജീവനും കൊണ്ടോടിയത്. ദമാസ്‌കസില്‍ നിരവധി മുതിര്‍ന്ന സൈനിക നേതാക്കളും ഉദ്യോഗസ്ഥരും കൂറുമാറാന്‍ തങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ഹസന്‍ അബ്ദുല്‍ഗനി പറഞ്ഞു.
സിറിയന്‍ സൈന്യം പിന്‍വാങ്ങി പ്രതിപക്ഷ സേന പ്രവേശിച്ച നഗരങ്ങളിലെല്ലാം ജനങ്ങള്‍ ബശാര്‍ അല്‍അസദിന്റെ ഭരണം അവസാനിച്ചതില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. ദമാസ്‌കസിനു സമീപമുള്ള, ലെബനോന്‍ അതിര്‍ത്തിയിലെ ഹിസ്ബുല്ലയുടെ അവസാനത്തെ ശക്തികേന്ദ്രമായ അല്‍ഖുസൈര്‍ നഗരവും പ്രതിപക്ഷം കീഴടക്കിയിട്ടുണ്ട്. പന്തിശരിയല്ലെന്ന് കണ്ട് റഷ്യയും ഇറാനും ഹിസ്ബുല്ലയും സൈനികരെയും പോരാളികളെയും പിന്‍വലിച്ചിട്ടുണ്ട്.
സിറിയൻ സൈനികർ ഇറാഖിലേക്ക് രക്ഷപ്പെട്ടു
അതിനിടെ, നൂറു കണക്കിന് സിറിയന്‍ സൈനികര്‍ അയല്‍ രാജ്യമായ ഇറാഖിലേക്ക് രക്ഷപ്പെട്ടു. സിറിയ, ഇറാഖ് അതിര്‍ത്തിയിലെ അതിര്‍ത്തി പ്രവേശന കവാടത്തില്‍ ഇറാഖി സൈനികര്‍ക്ക് തങ്ങളുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും കൈമാറിയാണ് സിറിയന്‍ സൈനികര്‍ ഇറാഖിലേക്ക് കടന്നത്. അല്‍ഖാഇം, അല്‍ബൂകമാല്‍ അതിര്‍ത്തി പോസ്റ്റ് വഴി നൂറു കണക്കിന് സിറിയന്‍ സൈനികര്‍ ഇറാഖില്‍ പ്രവേശിച്ചതായി പശ്ചിമ ഇറാഖിലെ അല്‍അന്‍ബാര്‍ ഗവര്‍ണറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. ഇക്കൂട്ടത്തില്‍ പരിക്കേറ്റ ചില സൈനികരെ ചികിത്സക്കായി ആശുപത്രിയിലേക്ക് നീക്കിയിട്ടുണ്ട്. രണ്ടായിരം സിറിയന്‍ സൈനികര്‍ ഇതിനകം ഇറാഖില്‍ പ്രവേശിച്ചതായി ഇറാഖ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് ശനിയാഴ്ച രാത്രി പത്തു മണിക്ക് ദമാസ്‌കസ് എയര്‍പോര്‍ട്ട് വഴി രാജ്യം വിട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. ബശാര്‍ അല്‍അസദിന്റെ ഭാര്യ അസ്മാ (49) യും മൂന്നു മക്കളും ദിവസങ്ങള്‍ക്കു മുമ്പ് റഷ്യയിലേക്ക് രക്ഷപ്പെട്ടതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.