കൊച്ചി: പ്രമുഖ കായിക പരിശീലകനും കാലിക്കറ്റ് സർവ്വകലാശാല മുൻ കോച്ചുമായ ശിവശങ്കർ കൈമൾ എന്ന എസ്.എസ് കൈമൾ (81) അന്തരിച്ചു. എറണാകുളത്ത് മകന്റെ വീട്ടിൽ വച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭൗതികശരീരം പാലക്കാട്ടെ വീട്ടിൽ എത്തിച്ചു. ചൊവ്വാഴ്ച സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. രാജ്യം കണ്ട ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ എസ്.എസ് കൈമൾ ദീർഘകാലം കാലിക്കറ്റ് സർവകലാശാലയിൽ പരിശീലകനായിരുന്നു.
ഒളിമ്പ്യൻ പി.ടി ഉഷ, മേഴ്‌സിക്കുട്ടൻ, എം.ഡി വത്സമ്മ, അഞ്ജു ബോബി ജോർജ്, ബോബി അലോഷ്യസ് തുടങ്ങി നിരവധി അത്‌ലറ്റുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 1970-ലാണ് കാലിക്കറ്റിൽ പരിശീലകനായി ചുമതലയേറ്റത്. 2003-ൽ പടിയിറങ്ങുംവരെ നിരവധി താരങ്ങളെ പരിശീലിപ്പിച്ച് ദേശീയതലത്തിൽ അടക്കം നിരവധി മെഡലുകൾ വാങ്ങിക്കൊടുത്ത് സർവകലാശാലയുടെ യശ്ശസ് ഉയർത്തി.