കൊളീൻ(ജർമ്മനി)- യൂറോ കപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഇതാദ്യമായെത്തി പ്രീ ക്വാർട്ടറിൽ പ്രവേശിച്ച ജോർജിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് സ്പെയിനിന്റെ പടയോട്ടം. മത്സരത്തിന്റെ പതിനെട്ടാമത്തെ മിനിറ്റിൽ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ ജോർജിയെ മുപ്പത്തിയൊൻപതാമത്തെ മിനിറ്റിൽ സ്പെയിൻ സമനിലയിൽ തളച്ചു. റോഡിഗ്രോ ഹെർണാണ്ടസിലൂടെയായിരുന്നു സ്പാനിഷ് ഗോൾ. റോബിൻ ലെ നൊർമാണ്ടിലൂടെയായിരുന്നു ജോർജിയയുടെ സെൽഫ് ഗോൾ.
പകുതി സമയം തീരും വരെ ഇതേ സ്കോറിൽ തുടർന്ന മത്സരം സ്പെയിനിന്റെ കയ്യിൽ വന്നത് അമ്പത്തിയൊന്നാമത്തെ മിനിറ്റ് മുതലായിരുന്നു. ഫാബിയാൻ റൂയിസ് സ്പെയിനിനെ ഈ സമയത്ത് മുന്നിലെത്തിച്ചു. ഫ്രീ കിക്കാണ് ഗോളിലേക്ക് വഴി തുറന്നത്. സ്പെയിനിന് ബോക്സിന് പുറത്ത് നല്ല പൊസിഷനിൽ ലഭിച്ച ഫ്രീ കിക്ക് അവസാനിച്ചത് ഗോളിലായിരുന്നു. ഹെഡറിലൂടെ ഫാബിയാൻ റൂയിസ് ഇത് ഗോളാക്കി.
എഴുപത്തിയഞ്ചാമത്തെമിനിറ്റിൽ നികോളാണ് വില്യംസ് ജോർജിയയുടെ വലയിൽ വീണ്ടും പന്തെത്തിച്ചു. ഫാബിയൻ റൂയിസിൽനിന്ന് ലഭിച്ച പന്ത് പെർഫെക്ട് ഫിനിഷിംഗോടെ വില്യംസ് ഗോളാക്കുകയായിരുന്നു. പെനാൽറ്റി ബോക്സിൽനിന്ന് ലഭിച്ച പന്ത് അതിവേഗത്തിലാണ് ജോർജിയയുടെ വലയിൽ വില്യംസ് എത്തിച്ചത്.
കളി തീരാൻ ഏഴു മിനിറ്റ് ശേഷിക്കേ ഡാനി ഒൽമോ വക സ്പെയിനിന്റെ ഗോൾ വീണ്ടും.ജോർജിയയ്ക്ക് സ്വന്തം പകുതിയിൽ നിന്ന് പന്ത് ക്ലിയർ ചെയ്യാൻ സാധിക്കാതിരുന്നതാണ് ഗോളിലേക്ക് വഴിവെച്ചത്. ബോക്സിന് പുറത്തുനിന്ന് ലഭിച്ച പന്ത് ഓൾമോ ഒറ്റ ടച്ചിൽ പോസ്റ്റിന്റെ താഴെ ഇടത് മൂലയിലേക്ക് കടത്തിവിടുകയായിരുന്നു.
മുൻ മത്സരങ്ങളിൽ നിരവധി വിമർശനങ്ങൾ നേരിട്ട സ്പെയിൻ ജോർജിയയുടെ വലയിൽ ആവോളം ഗോൾ നിറച്ചത് വിമർശകരുടെ വായടപ്പിക്കും.