അഹമ്മദാബാദ്- കനത്ത ചൂടേറ്റ് ഉഷ്ണാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാൻ അഹമ്മദാബാദിലെത്തിയതായിരുന്നു താരം.
അഹമ്മദാബാദിൽ 45 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയിൽ താരത്തിന് നിർജ്ജലീകരണം അനുഭവിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും മെഡിക്കൽ നിരീക്ഷണത്തിലാണ്. ആശുപത്രിക്ക് ചുറ്റും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സുഹൃത്തും നടിയുമായ ജൂഹി ചൗള നടനെ ആശുപത്രിയിൽ സന്ദർശിച്ചു. ആശുപത്രിയുടെ ഔദ്യോഗിക പ്രസ്താവന ഉടൻ ഉണ്ടാകും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ സഹ ഉടമയായ ഷാരൂഖ് ഖാൻ ചൊവ്വാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീമിൻ്റെ വിജയം ആഘോഷിച്ചിരുന്നു. ഐപിഎൽ 2024 ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ശേഷം മക്കളായ സുഹാന ഖാനും അബ്രാം ഖാനും ഒപ്പമെത്തി ഗ്യാലറിയെ ഷാരൂഖ് അഭിവാദ്യം ചെയ്തിരുന്നു.