ജിദ്ദ- ഇത്തവണത്തെ ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ അത്യുഷ്ണം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്കയിലും പരിസരങ്ങളിലുമുള്ള പുണ്യസ്ഥലങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങൾ വിലയിരുത്താൻ നടത്തിയ സന്ദർശനത്തിനിടെ കേന്ദ്രം സി.ഇ.ഒ ഡോ. അയ്മൻ ബിൻ സാലിം ഗുലാമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുൽഹജ്ജ് ഒന്ന് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ അന്തരീക്ഷം കടുത്ത ചൂടുള്ളതായിരിക്കുമെന്നും പകൽ സമയങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചു.
ദുൽഹജ്ജ് ഒന്നു മുതൽ എട്ട് വരെയുള്ള ആദ്യ ഘട്ടത്തിൽ പുണ്യസ്ഥലങ്ങളിലെ കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഈ സമയങ്ങളിൽ കുറഞ്ഞ താപനില 28 നും 31 നും ഇടയിലായിരിക്കും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് 10 ശതമാനം മുതൽ 40 ശതമാനം വരെയായിരിക്കാനാണ് സാധ്യത. കൂടാതെ മണിക്കൂറിൽ 15 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
തുടർന്നുവരുന്ന ദുൽഹജ്ജ് ഒൻപതിലെ അറഫാ ദിനം മുതൽ ദുൽഹജ്ജ് 13 വരെയുള്ള ദിവസങ്ങളിലും പുണ്യസ്ഥലങ്ങളിൽ ചൂടേറിയ കാലാവസ്ഥ തന്നെയായിരിക്കും തുടരുക. ഈ ദിവസങ്ങളിലും അന്തരീക്ഷത്തിൽ പൊടിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഈ രണ്ടാം ഘട്ടത്തിൽ കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസ് മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞ താപനില 26 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയുമായി അല്പം കുറയാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഈർപ്പം 15 മുതൽ 55 ശതമാനം വരെയായിരിക്കുമെന്നും, കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെയായി ഉയർന്നേക്കുമെന്നും ഡോ. അയ്മൻ ഗുലാം കൂട്ടിച്ചേർത്തു.



