- അക്രമികളായ കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധം ട്രംപ് എടുത്തുകളഞ്ഞു
- ട്രംപിന്റെ നടപടി ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഫലസ്തീന്‍ അതോറിറ്റി
റാമല്ല – അമേരിക്കന്‍ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം. ഫലസ്തീനികളുടെ വാഹനങ്ങളും സ്വത്തുക്കളും കുടിയേറ്റക്കാര്‍ അഗ്നിക്കിരയാക്കി. ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഖല്‍ഖിലിയക്ക് കിഴക്ക് ജിനാസ്ഫുത്, ഫുന്ദുഖ് ഗ്രാമങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് ജിനാസ്ഫുത് ഗ്രാമ കൗണ്‍സില്‍ മേധാവി ജലാല്‍ ബശീര്‍ പറഞ്ഞു.
ഡസന്‍ കണക്കിന് ഇസ്രായിലി കുടിയേറ്റക്കാര്‍ ജിനാസ്ഫുത്തില്‍ അതിക്രമിച്ചു കയറി മൂന്ന് വീടുകളും ഒരു നഴ്‌സറിയും ഒരു വര്‍ക്ക് ഷോപ്പും കത്തിച്ചു. ഫലസ്തീന്‍ നിവാസികളുടെ ഉടമസ്ഥതയിലുള്ള നിരവധി വാഹനങ്ങളും കുടിയേറ്റക്കാര്‍ അഗ്നിക്കിരയാക്കി. സ്വന്തം വീട് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഫലസ്തീനിക്ക് ശിരസ്സിന് പരിക്കേറ്റു. ഇസ്രായിലി സൈനികര്‍ പ്രയോഗിച്ച കണ്ണീര്‍വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ചികിത്സ തേടി. ജിന്‍സഫുത്തിലും ഫുന്ദുഖിലും കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ ടീമുകള്‍ ചികിത്സിച്ചതായും കുടിയേറ്റക്കാരുടെ മര്‍ദനത്തില്‍ ഇരകള്‍ക്ക് ചതവുകള്‍ സംഭവിച്ചതായും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.
തെക്കന്‍ വെസ്റ്റ് ബാങ്കില്‍, മസാഫര്‍ യാട്ട പ്രദേശത്തെ ഒരു ഫലസ്തീന്‍ ഭവനത്തിലും ഇസ്രായിലി കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറി. ഹെബ്രോണിന് തെക്ക് ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ മനുഷ്യാവകാശങ്ങള്‍ നിരീക്ഷിക്കുന്ന യെഷ് ദിന്‍, കുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ തീപിടിച്ച ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും ഒരു കെട്ടിടവും കാണിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ പങ്കിട്ടു.
റാമല്ലയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സിന്‍ജില്‍ ഗ്രാമത്തില്‍ കുടിയേറ്റക്കാര്‍ രണ്ട് പലസ്തീന്‍ വീടുകള്‍ക്ക് തീയിടുകയും നാലു വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതായി യെഷ് ദിന്‍ പറഞ്ഞു. റാമല്ലയുടെ വടക്ക് ഭാഗത്തുള്ള ഐന്‍ സിനിയ ഗ്രാമത്തില്‍ കുടിയേറ്റക്കാര്‍ വീടുകള്‍ ആക്രമിക്കുകയും തീയിടുകയും ചെയ്തു. റാമല്ലക്ക് വടക്കുകിഴക്ക് തുര്‍മസ് അയയിലെ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള സ്വത്ത്‌വകകള്‍ കുടിയേറ്റക്കാര്‍ ആക്രമിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതായും നബ്‌ലസിന് തെക്ക് അല്ലുബ്ബാന്‍ അശ്ശഖിയക്ക് സമീപം റൂട്ട് 60 ല്‍ ഫലസ്തീനികളുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതായും യെഷ് ദിന്‍ കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ പങ്കുള്ള ഇസ്രായിലി കുടിയേറ്റക്കാര്‍ക്കെതിരായ യു.എസ് ഉപരോധങ്ങള്‍ പിന്‍വലിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചതിനു പിന്നാലെയാണ് ഇസ്രായിലി കുടിയേറ്റക്കാര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. അധികാരമേറ്റയുടനെ അക്രമാസക്തരായ ഇസ്രായിലി കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധങ്ങള്‍ നീക്കിക്കൊണ്ട് ഡൊണാള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വെസ്റ്റ് ബാങ്കില്‍ ഇസ്രായിലി കുടിയേറ്റക്കാരും ഇസ്രായിലി സായുധ സേനയും നടത്തുന്ന ആക്രമണങ്ങളില്‍ യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഫലസ്തീനിലെ ഓഫീസും ആശങ്ക പ്രകടിപ്പിച്ചു.
ട്രംപിന്റെ മുന്‍ഗാമിയായ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫെബ്രുവരിയിലാണ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് വഴി അക്രമികളായ ജൂതകുടിയേറ്റക്കാര്‍ക്ക് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ബൈഡന്റെ നടപടികള്‍, അന്താരാഷ്ട്ര നിയമം വകവെക്കാതെ 1967 മുതല്‍ ഇസ്രായില്‍ അധിനിവേശം തുടുന്ന വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ അക്രമം നടത്തിയതായി ആരോപിക്കപ്പെടുന്ന നിരവധി തീവ്ര വലതുപക്ഷ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനും ട്രഷറിക്കും വഴിയൊരുക്കി. ഇവരുടെ അമേരിക്കയിലെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ഇവരുമായി വാണിജ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് അമേരിക്കന്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും വിലക്കുകയും ചെയ്തു.
ലോകത്തിന്റെ ശ്രദ്ധ ഗാസ യുദ്ധത്തില്‍ കേന്ദ്രീകരിച്ചിരിക്കെ, വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലി കുടിയേറ്റക്കാരുടെ വര്‍ധിച്ചുവരുന്ന അക്രമവും അധിനിവേശ പ്രദേശത്ത് ഭൂമി പിടിച്ചെടുക്കലും ഇസ്രായിലിന്റെ ചില പാശ്ചാത്യ സഖ്യകക്ഷികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. 2023 ഒക്‌ടോബറില്‍ ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം, വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായില്‍ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങളില്‍ 175 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 860 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 6,700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തീവ്രവാദികളായ കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധങ്ങള്‍ നീക്കുന്നത് ഫലസ്തീനികള്‍ക്കെതിരെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതായി ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധങ്ങള്‍ നീക്കി, നല്‍കിയ അചഞ്ചലമായ പിന്തുണക്ക് ഇസ്രായിലിലെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞു. മിസ്റ്റര്‍ പ്രസിഡന്റ്, ഇസ്രായില്‍ രാഷ്ട്രത്തിനായുള്ള നിങ്ങളുടെ അചഞ്ചലവും വിട്ടുവീഴ്ചയില്ലാത്തതുമായ പിന്തുണ ജൂത ജനതയുമായും നമ്മുടെ ഭൂമിയോടും നമ്മുടെ ചരിത്രപരമായ അവകാശവുമായുള്ള നിങ്ങളുടെ ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണ് – മന്ത്രി എക്സില്‍ എഴുതി. ഈ ഉപരോധങ്ങള്‍ ഇസ്രായിലിന്റെ ആഭ്യന്തര കാര്യങ്ങളിലെ കടുത്തതും നഗ്‌നവുമായ വിദേശ ഇടപെടലും ജനാധിപത്യ തത്വങ്ങളുടെയും സൗഹൃദ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും ലംഘനവുമായിരുന്നു – ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞു.