ജിദ്ദ – താപനില മൈനസ് ഏഴു ഡിഗ്രിയും അതില്‍ കൂടുതലുമായി കുറഞ്ഞാൽ സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഇത്തരം സാഹചര്യങ്ങളില്‍ ഗവര്‍ണറേറ്റ്, നഗരസഭ, സിവില്‍ ഡിഫന്‍സ്, ദേശീയ കാലാവസ്ഥാ കേന്ദ്രം അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കേണ്ടത്. മണിക്കൂറില്‍ പത്തു മുതല്‍ 50 വരെ മില്ലിമീറ്റര്‍ ശക്തിയിലുള്ള കനത്ത മഴ, ദൃശ്യക്ഷമത ഒരു കിലോ ഒരു കിലോമീറ്ററിലും അതില്‍ കുറവുമാകുന്ന തരത്തിലുള്ള പൊടിക്കാറ്റ്, മൂടല്‍മഞ്ഞ്, മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലുള്ള കൊടുങ്കാറ്റ്, തിരമാലകള്‍ മൂന്നു മീറ്ററില്‍ കൂടുതല്‍ ഉയരല്‍, താപനില മൈനസ് ഏഴു ഡിഗ്രിയും അതില്‍ കൂടുതലുമാകുന്ന തരത്തിലുള്ള അതിശൈത്യം, 51 ഡിഗ്രിയും അതില്‍ കൂടുതലുമാകുന്ന നിലക്കുള്ള അത്യുഷ്ണം, മണിക്കൂറില്‍ അഞ്ചു സെന്റീമീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്ന മഞ്ഞുവീഴ്ച എന്നീ സാഹചര്യങ്ങളില്‍ അതത് പ്രവിശ്യകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാവുന്നതാണെന്ന് ഗൈഡ് വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്കു പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുകയാണ് വേണ്ടത്.
ഉത്തര സൗദിയില്‍ അടക്കം അതിശൈത്യമാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. കൊടും തണുപ്പ് മൂലം വെള്ളം കട്ടയായതിനാല്‍ പലയിടത്തും പൈപ്പുകള്‍ വഴി വെള്ളം ലഭിക്കുന്നില്ല. ഇന്നലെ രാവിലെ ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ തുറൈഫില്‍ കുറഞ്ഞ താപനില മൈനസ് മൂന്നു ഡിഗ്രിയായി താഴ്ന്നിരുന്നു. അല്‍ജൗഫ് പ്രവിശ്യയില്‍ പെട്ട ഖുറയ്യാത്തില്‍ കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രിയായും താഴ്ന്നു.
റഫ്ഹയില്‍ പൂജ്യം ഡിഗ്രിയും അറാറില്‍ രണ്ടു ഡിഗ്രിയും ഹഫര്‍ അല്‍ബാത്തിനില്‍ മൂന്നു ഡിഗ്രിയും അല്‍ജൗഫിലും തബൂക്കിലും ഹായിലിലും നാലു ഡിഗ്രി വീതവും ബുറൈദയില്‍ ആറു ഡിഗ്രിയും ദവാദ്മിയില്‍ ഏഴു ഡിഗ്രിയും റിയാദിലും അബഹയിലും എട്ടു ഡിഗ്രി വീതവും ദമാമിലും അല്‍ഹസയിലും തായിഫിലും ഒമ്പതു ഡിഗ്രി വീതവുമായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
ഇന്നും നാളെയും ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, അല്‍ജൗഫ്, ഹായില്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്കു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തണുത്ത വായു പിണ്ഡത്തിന്റെ സ്വാധീനം അനുഭവപ്പെടും. ഇവിടങ്ങളില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി മുതല്‍ മൈനസ് മൂന്നു ഡിഗ്രി വരെയായി താഴും. അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലും ഇന്നും നാളെയും തണുത്ത വായു പിണ്ഡത്തിന്റെ സ്വാധീനം അനുഭവപ്പെടും. ഇതിന്റെ ഫലമായി കുറഞ്ഞ താപനില രണ്ടു ഡിഗ്രി മുതല്‍ അഞ്ചു ഡിഗ്രി വരെയായി താഴുമെന്ന് പ്രതീക്ഷിക്കുതായും ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.