റിയാദ്: ഫലസ്തീന് ഐക്യരാഷ്ട്ര സഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കുന്നതിനുള്ള പ്രമേയം പൊതുസഭയിലെ വോട്ടെടുപ്പിൽ പാസ്സായതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. ഫലസ്തീന് യു.എന്നിന്റെ ചാർട്ടറിലെ ആർട്ടിക്കിൾ 4 അനുസരിച്ച് ഐക്യരാഷ്ട്രസഭയിൽ പൂർണ്ണ അംഗത്വത്തിന് യോഗ്യരാണെന്ന് അംഗീകരിക്കുന്ന പ്രമേയം വൻ ഭൂരിപക്ഷത്തോടെയാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ചത്. ഇത് ഫലസ്തീന് അധിക അവകാശങ്ങളും ആനുകൂല്യങ്ങളും നൽകും.
ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ സ്വയം നിർണ്ണയാവകാശത്തിനും അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തോടുള്ള അന്താരാഷ്ട്ര യോജിപ്പാണ് ഈ തീരുമാനം വ്യക്തമാക്കുന്നതെന്ന് സൗദി അറേബ്യ പറഞ്ഞു. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത രാജ്യങ്ങളുടെ അനുകൂല നിലപാടിനെ രാജ്യം അഭിനന്ദിച്ചു.
സെക്യൂരിറ്റി കൗൺസിലിലെ അംഗരാജ്യങ്ങളോട് തങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തം നിർവഹിക്കണമെന്നും അന്താരാഷ്ട്ര സമവായത്തെ എതിർക്കരുതെന്നും ഫലസ്തീൻ ജനതയുടെ ധാർമ്മികവും നിയമപരവുമായ അവകാശങ്ങൾക്കായി നിലകൊള്ളാനും ആവശ്യപ്പെട്ടു.
ഫലസ്തീനിന് പുതിയ “അവകാശങ്ങളും പ്രത്യേകാവകാശങ്ങളും” അനുവദിക്കുന്ന പ്രമേയം യു.എന്നിൽ അവതരിപ്പിച്ചപ്പോൾ 143 പേർ അനുകൂലിച്ചും 9 പേർ എതിർത്തും വോട്ടു ചെയ്തു. 25 പേർ വിട്ടുനിന്നു. ഇതോടെ ഫലസ്തീന് സമ്പൂർണ അംഗത്വം നൽകുന്നതിന് വോട്ടെടുപ്പ് അനുകൂലമായി.
ഫലസ്തീന് ഐക്യരാഷ്ട്ര സഭയിൽ പൂർണ അംഗത്വം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായാണ് പ്രമേയം പാസ്സായതിനെ വിലയിരുത്തുന്നത്. ലോകം ഫലസ്തീൻ ജനതക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ഫലസ്‌തീൻ പ്രസിഡൻ്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾ തുടരും. ഫലസ്‌തീൻ ജനതയുടെ അവകാശങ്ങൾക്കും സ്വാതന്ത്യത്തിനും ഒപ്പമാണ് ലോകജനത നിലകൊള്ളുന്നത് എന്നതിന് തെളിവാണ് പ്രമേയം വലിയ ഭൂരിപക്ഷത്തിൽ പാസ്സായത്. ഇസ്രായേൽ അധിനിവേശത്തിന് എതിരാണ് ലോകമെന്നും അദ്ദേഹം പറഞ്ഞു.