ജിദ്ദ – വിസിറ്റ് വിസയില്‍ സൗദിയിലെത്തുന്ന സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും രാജ്യത്ത് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യ ഉള്ളടക്കങ്ങള്‍ നല്‍കുന്ന വിസിറ്റ് വിസക്കാരുമായി പരസ്യങ്ങള്‍ക്കുള്ള ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിനു മുമ്പായി അവര്‍ക്ക് മൗസൂഖ് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നത് നിയമ ലംഘനങ്ങളില്‍ പെടാതിരിക്കാൻ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ പറഞ്ഞു.
മലയാളികളടക്കം സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റികളായ നിരവധി പേരാണ് സൗദിയിൽ സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്യുന്നതിനായി എത്താറുള്ളത്. നിരവധി സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരസ്യം സ്വീകരിച്ച ശേഷം ഇവർ നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം ആളുകളുമായി കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് അവർക്ക് മൗസൂഖ് ലൈസൻസ് ഉണ്ടോ എന്ന കാര്യം സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ സ്ഥാപനങ്ങൾക്കും പിഴ ചുമത്തും.
സൗദിയില്‍ സോഷ്യല്‍മീഡിയയിലൂടെ ഉല്‍പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും പരസ്യ ഉള്ളടക്കങ്ങള്‍ ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും നേരത്തെ മുതല്‍ മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിസിറ്റ് വിസയില്‍ രാജ്യത്തെത്തി പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മൗസൂഖ് ലൈസന്‍സ് നേടണമെന്ന കാര്യം ഉണര്‍ത്തുകയാണ് അതോറിറ്റി ചെയ്തിരിക്കുന്നത്.
2022 ഒക്‌ടോബര്‍ ആദ്യം മുതലാണ് ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ടിക് ടോക്ക്, സ്‌നാപ് ചാറ്റ് എന്നിവ വഴി പരസ്യ ഉള്ളടക്കങ്ങള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാക്കിയത്. മൂന്നു വര്‍ഷ കാലാവധിയുള്ള ലൈസന്‍സിന് 15,000 റിയാലാണ് ഫീസ്. സൗദിയില്‍ ഡിജിറ്റല്‍ പരസ്യ, ഉള്ളടക്ക മേഖല ക്രമീകരിക്കാനാണ് സെലിബ്രിറ്റികള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാക്കിയതിലൂടെ ലക്ഷ്യമിടുന്നത്. അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത, മൗസൂഖ് ലൈസന്‍സുമായി ബന്ധിപ്പിച്ച സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വഴി മാത്രമാണ് പരസ്യ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുമതിയുള്ളത്. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലൈസന്‍സും അനുമതിയും ലഭിച്ച ശേഷം മാത്രമേ, പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കൂ എന്ന് മൗസൂഖ് ലൈസന്‍സ് ലഭിക്കാന്‍ വിദേശികള്‍ സത്യവാങ്മൂലം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.
മൗസൂഖ് ലൈസന്‍സ് ലഭിക്കാന്‍ പരസ്യ ഉള്ളടക്കം നല്‍കുന്നവരുടെ പ്രായം 18 ല്‍ കുറവാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. മൗസൂഖ് ലൈസന്‍സ് മറ്റുള്ളവര്‍ക്ക് കൈമാറുന്നതിന് വിലക്കുണ്ട്. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വഴി പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളും മൗസൂഖ് ലൈസന്‍സ് നേടല്‍ നിര്‍ബന്ധമാണ്.
സൗദിയില്‍ പരസ്യ ഉള്ളടക്ക മേഖലയില്‍ വിദേശത്തു നിന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാണ്. മൗസൂഖ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വിദേശങ്ങളിലെ കമ്പനികളും വ്യക്തികളും വഴി സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുന്ന സൗദി കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപയോക്താക്കളെ കബളിപ്പിക്കുന്ന പരസ്യങ്ങള്‍ തടയാന്‍ മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നു.